പാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്നും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജി വ്യക്തിപരമാണെന്നും പി കെ ശശി. ഏതെങ്കിലും യുഡിഎഫ് നേതാക്കളുമായി എന്റെ ചേരിമാറ്റത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചതായി തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്ന ജോലി ഞാന്‍ ചെയ്യും. കെടിഡിസിയില്‍ നിന്നുള്ള രാജിയാണ് ഞാന്‍ സമര്‍പ്പിച്ചത്.കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് രാജിവച്ചത് വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ ഇടതുപക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്ന ആളാണ്. എന്റെ പ്രവര്‍ത്തനങ്ങളിലുടനീളം അത് കാണാന്‍ കഴിയും. എന്നോട് യുഡിഎഫിലേക്ക് പോകുമോ എന്നുചോദിക്കുന്നത് ആഭാസമാണ്. കൊഴിഞ്ഞാമ്പാറയിലെ വിമതകൂട്ടായ്മയെക്കുറിച്ച് അറിയില്ല. പാര്‍ട്ടി സെക്രട്ടറി നയിച്ച ജാഥയില്‍ പങ്കെടുക്കാത്തത് സുഖമില്ലാത്തതുകൊണ്ടാണ്.
വ്യക്തിപരമായ എല്ലാ പ്രശ്‌നങ്ങളും മാധ്യമങ്ങളോട് തുറന്ന് പറയാന്‍ കഴിയില്ലല്ലോ. താനിപ്പോഴും സിപിഎമ്മില്‍ അംഗമാണെന്നും ട്രേഡ് യൂണിയന്‍ സംഘടനയുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണെന്നും പി കെ ശശി പറഞ്ഞു.