ന്യൂഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്ക്യാമറ ഉപയോഗിച്ച് പകര്‍ത്തി അശ്ലീല വിഡിയോകള്‍ തയ്യാറാക്കിയ കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി മോഹിത് പ്രിയദര്‍ശി (31)യാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.
മോഹിതിന്റെ മൊബൈല്‍ ഫോണില്‍നിന്ന് 74 അശ്ലീല വിഡിയോകള്‍ പോലിസ് കണ്ടെത്തി. കൂടാതെ, സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ചെറിയ ഒളിക്ക്യാമറയും ഇയാളില്‍ നിന്നു പിടിച്ചെടുത്തു.
കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാര്‍ക്കറ്റിലൂടെ പോകുന്നതിനിടെ, ചെറു ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു, തുടര്‍ന്ന് കിഷന്‍ഗഡ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഹിതിനെ തിരിച്ചറിഞ്ഞ പോലിസ്, ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. തിരക്കേറിയ സ്ഥലങ്ങളില്‍ എത്തി, കാല്‍വിരലുകള്‍ക്കിടയില്‍ ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് ഇയാള്‍ സമ്മതിച്ചത്. 2023 ഡിസംബര്‍ മുതല്‍ മോഹിത് ഈ പ്രവര്‍ത്തനം തുടരുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെല്ലാം ചെയ്തതെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി.