വിദ്യാര്‍ഥികളെ ശാരീരികമായി ശിക്ഷിക്കല്‍ കുറ്റകരമല്ല; സദുദ്ദേശ്യപരമായ അച്ചടക്ക നടപടികള്‍ക്ക് നിയമപരമായ തടസ്സമില്ലെന്ന് ഹൈക്കോടതി
കൊച്ചി: അച്ചടക്കം ഉറപ്പാക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമായി സദുദ്ദേശ്യത്തോടെ അധ്യാപകര്‍ വിദ്യാര്‍ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ചൂരല്‍ പ്രയോഗം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ഉത്തരവിട്ടത്.
വിദ്യാര്‍ഥികളില്‍ അച്ചടക്കം പാലിപ്പിക്കാനും അവരുടെ ശീലങ്ങളും പെരുമാറ്റവും ശരിയായ ദിശയില്‍ നയിക്കാനും അധ്യാപകര്‍ സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കോടതി പരിഗണനയില്‍ എടുത്തു.
ഇത്തരം നടപടികള്‍ ദോഷബുദ്ധിയോടെയോ ക്രൂരതയോടെയോ ആകരുതെന്നും, വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യത്തോട് പൊരുത്തപ്പെടുന്ന സദുദ്ദേശ്യപരമായ ഇടപെടലുകള്‍ മാത്രമേ അനുവദനീയമാകൂ എന്നും കോടതി നിരീക്ഷിച്ചു.