പെട്രോള്‍-ഡീസല്‍ വില വര്‍ധന ഉടന്‍ ഇല്ല; റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2026-03-08 05:40 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തല്‍ക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചില്ലറ വില്‍പന വില ഉയര്‍ത്തില്ലെന്നും ആവശ്യമായാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സൗദി അറേബ്യയിലെ യന്‍ബു തുറമുഖത്തില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ക്രൂഡ് ഓയില്‍ കാര്‍ഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട കണക്കുകളും സര്‍ക്കാര്‍ വിശദീകരിച്ചു. ഫെബ്രുവരിയിലും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി നടന്നത് റഷ്യയില്‍ നിന്നാണ്. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വര്‍ധനയുണ്ടായതായും അറിയിച്ചു.

ക്രൂഡ് ഓയില്‍ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയ താല്‍പര്യമാണ് പ്രധാന മാനദണ്ഡമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുമെന്ന സൂചനകള്‍ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

Tags: