ഗവര്‍ണര്‍ക്കെതിരേ വിസിമാരും കേരള സര്‍വകലാശാലാ അംഗങ്ങളും നല്‍കിയ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

Update: 2022-11-30 02:30 GMT

തിരുവനന്തപുരം: രാജിവയ്ക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സെനറ്റില്‍ നിന്ന് പുറത്താക്കിയ കേരള സര്‍വകലാശാല അംഗങ്ങള്‍ നല്‍കിയ ഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഹരജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ വിസിമാര്‍ക്കെതിരേ നടപടി പാടില്ലെന്നാണ് ഇടക്കാല ഉത്തരവ്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം.

ചാന്‍സലറുടെ അധികാരപരിധി സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തേക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അതേസമയം, കേരള സര്‍വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് 15 അംഗങ്ങളാണ് ഹരജി നല്‍കിയത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ നല്‍കാന്‍ സെനറ്റ് ഇതുവരെ തയ്യാറായിട്ടില്ല. സെനറ്റിന്റെ അജണ്ടയില്‍ അക്കാര്യമില്ലെന്നാണ് അംഗങ്ങളുടെ നിലപാട്.

സ്ഥിരം വിസിയെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോവുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹരജിയില്‍ കോടതി ഉത്തരവ് വരുന്നതുവരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കരുതെന്നാണ് നിര്‍ദേശം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുന്ന ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യഹരജിയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Tags: