കര്‍ഷക പ്രക്ഷോഭം; നാല് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

സമരസ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു

Update: 2021-09-14 10:10 GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പട്ട് നാല് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി. സിംഘു, തിക്രി, ഗാസിപ്പൂര്‍ അടക്കം അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.


സമരസ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന രാജസ്ഥാന്‍ സര്‍ക്കാരുകളോട് റിപോര്‍ട്ട് തേടിയത്. നിലവിലെ സ്ഥിതിവിവരങ്ങള്‍ കമ്മീഷനെ ധരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.


കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ ഉപരോധിച്ചാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. സിംഘുവില്‍ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം രാജ്യ തലസ്ഥാനത്തേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റി പോകേണ്ട സാഹചര്യമാണുള്ളതെന്നും പരാതിക്കാര്‍ പറയുന്നു. കൂടാതെ സിംഘുവിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു.




Tags: