ഹിന്ദു മരുമകളെ മാമോദീസ മുക്കിച്ച പി സി ജോര്‍ജ്ജിന്റെ ലൗ ജിഹാദ് ആരോപണം: പരിഹാസ ശരങ്ങളുമായി സാമൂഹ്യമാധ്യമങ്ങള്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ അമ്പിളിയെ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പ്രണയിച്ച് വിവാഹം ചെയ്തപ്പോള്‍ മതം മാറിയാലേ മരുമകളെ വീട്ടിലേക്കു കയറ്റുകയുള്ളൂ എന്ന് വാശിപിടിച്ചയാളാണ് പി സി ജോര്‍ജ്ജ്.

Update: 2021-02-27 13:35 GMT

കോഴിക്കോട്: ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കു നേരെ ഉറഞ്ഞുതുള്ളിയ പി സി ജോര്‍ജ്ജിനെതിരെ രൂക്ഷമായ പരിഹാസവുമായി സാമൂഹ്യമാധ്യമങ്ങള്‍. മകന്‍ ഷോണ്‍ ജോര്‍ജ്ജ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതിയെ വിവാഹം ചെയ്തപ്പോള്‍ മാമോദിസ മുക്കിയ ശേഷം മാത്രം വീട്ടില്‍ കയറ്റിയാല്‍ മതി എന്ന നിലപാട് എടുത്ത പി സി ജോര്‍ജ്ജ് ആണ് ഇല്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിം സമുദായത്തിനെ അപഹസിക്കുന്നത് എന്ന തരത്തിലുള്ള കമന്റുകളാണ് പ്രചരിക്കുന്നത്.


'ഹിന്ദുപെണ്‍കുട്ടിയെ അടിച്ചോണ്ട് വന്ന് മതംമാറ്റിയ പിസി ജോര്‍ജ്ജാണ് ലൗജിഹാദിന്റെ പേരില്‍ ചാരിത്ര്യം പ്രസംഗിക്കുന്നത്. വര്‍ഗീയത മൂത്ത് അയാളുടെ മാനസിക നില തന്നെ തെറ്റിയിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇത്രമാത്രം വര്‍ഗീയതയുടെ വിഷവും പേറിയാണ് ജോര്‍ജ്ജ് നടന്നിരുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.' എന്നാണ് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന കമന്റുകളില്‍ ഒന്ന്.


നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ അമ്പിളിയെ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പ്രണയിച്ച് വിവാഹം ചെയ്തപ്പോള്‍ മതം മാറിയാലേ മരുമകളെ വീട്ടിലേക്കു കയറ്റുകയുള്ളൂ എന്ന് വാശിപിടിച്ചയാളാണ് പി സി ജോര്‍ജ്ജ്. എന്നാല്‍ അതിനു ശേഷം ജഗതിയുടെ കുടുംബകാര്യങ്ങളില്‍ വരെ പി സി ജോര്‍ജ്ജിന്റെ ഇടപെടലുണ്ടായി. പി സി ജോര്‍ജ്ജ് കുടുംബ കാര്യങ്ങളില്‍ ഇടപെടുന്നത് സംബന്ധിച്ച് ജഗതിയുടെ രണ്ടാംവിവാഹത്തിലെ മകള്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്ത് അദ്ദേഹത്തിന് പരാതി നല്‍കുകയുണ്ടായി. അച്ഛനെ കാണുന്നത് ചീഫ് വിപ്പായ പി സി ജോര്‍ജ്ജ് സ്വാധീനം ഉപയോഗിച്ച് തടയുന്നു എന്നാണ് അന്ന് ശ്രീലക്ഷ്മി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞത്. 'സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും' ആവശ്യപ്പെട്ടാണ് ശ്രീലക്ഷ്മി വിഎസിനെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കണ്ടത്. അമ്മ ശ്രീകലയോടൊപ്പമാണ് ശ്രീലക്ഷ്മി പി സി ജോര്‍ജ്ജിനെതിരെ വിഎസിന് പരാതി നല്‍കാനെത്തിയിരുന്നത്.


പിസി ജോര്‍ജ്ജ് കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ശ്രീലക്ഷ്മി പരാതിപ്പെട്ടിരുന്നു. ഇതും പി സി ജോര്‍ജ്ജിന്റെ ലൗ ജിഹാദ് ആരോപണങ്ങളുടെ പശ്ചാതലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


നേരത്തെ മുസ്‌ലിം സമുദായത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയുള്ള പി സി ജോര്‍ജ്ജിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. ഇതോടെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു ശേഷം തെറ്റുപറ്റിയതാണെന്നും മാപ്പു നല്‍കണമെന്നും ആവശ്യപ്പെട്ട് പി സി ജോര്‍ജ്ജ് രംഗത്തിറങ്ങി. എന്നാല്‍ ആരും ഇത് മുഖവിലക്കെടുത്തില്ല. മുസ്‌ലിം സമുദായവുമായി വീണ്ടും അടുക്കാനുള്ള പി സി ജോര്‍ജ്ജിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. യുഡിഎഫും പി സി ജോര്‍ജ്ജിനെ മാറ്റി നിര്‍ത്തി. ഇരു മുന്നണികളിലും ഇടം ലഭിക്കാതെ വന്ന പി സി ജോര്‍ജ്ജിന് ഇക്കുറി തനിച്ച് മത്സരിച്ചാല്‍ മുന്‍പത്തെ പോലെ വിജയിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഇതോടെ അവസാന ആശ്രയമെന്ന രീതിയിലാണ് സംഘപരിവാര്‍ വോട്ടുകള്‍ നേടി വിജയിക്കാനുള്ള പരിശ്രമം നടത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് മുസ്‌ലിം ലീഗിനെ വരെ പേരെടുത്തു പറഞ്ഞ് വര്‍ഗ്ഗീയത ആരോപിച്ചും സംഘപരിവാരത്തിന്റെ ലൗ ജിഹാദ് ആരോപണങ്ങള്‍ ഏറ്റെടുത്തും പി സി ജോര്‍ജ്ജ് ഹിന്ദുത്വ ലൈനിലേക്ക് പൂര്‍ണമായി മാറുന്നത്.




Tags:    

Similar News