പെരുമ്പെട്ടിക്ക് പട്ടയം: കലക്ടര്‍ അനുകൂല റിപോര്‍ട്ട് നല്‍കി

പെരുമ്പെട്ടിയിലെ കര്‍ഷകരുടെ കൈവശഭൂമി പൂര്‍ണമായും വനപരിധിക്ക് പുറത്താണെന്നും ചട്ടപ്രകാരം പട്ടയം നല്‍കാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

Update: 2019-05-04 16:24 GMT

പത്തനംതിട്ട: പെരുമ്പെട്ടിയിലെ കര്‍ഷകരുടെ കൈവശഭൂമി പൂര്‍ണമായും വനപരിധിക്ക് പുറത്താണെന്നും ചട്ടപ്രകാരം പട്ടയം നല്‍കാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരുടെ ഭൂമിയും വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജണ്ടകളും കണ്ണാടി കല്ലുകളും കൃത്യ സ്ഥാനങ്ങളില്‍ തന്നെ കാണുന്നു.

ദൂരത്തിലും ദിക്കിലും 1958ലെ സര്‍വെ അടയാളങ്ങള്‍ വ്യതിയാനം കൂടാതെ നിലനില്ക്കുന്നു. കര്‍ഷകരുടെ ഭൂമി വനത്തിന് പുറത്താണ് എന്ന റാന്നി ഡി.എഫ്.ഓയുടെ കത്ത് പരിഗണിച്ചാണ് കലക്ടര്‍ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. വനത്തിന്റെ അളവ് പൂര്‍ണമായിട്ടില്ല. ഏതെങ്കിലും കാരണത്താല്‍ വനത്തിന്റെ മൊത്ത അളവില്‍ കുറവ് കണ്ടാല്‍ പോലും ജനങ്ങളുടെ ഭൂമി വനംവകുപ്പിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് വനം ഉദ്യോഗസ്ഥരുടെ മൊഴിയെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു.

ആലപ്ര റിസര്‍വുമായി അതിര്‍ത്തി പങ്കിടുന്ന ഉള്‍വനം മാത്രമാണ് ഇനി അളക്കാനുള്ളത്. ഈ മാസം ഏഴാം തീയതിയാണ് അളവുകള്‍ പൂര്‍ത്തീകരിക്കുന്നതിന് കലക്ടര്‍ അനുവദിച്ചിട്ടുള്ള സമയപരിധി .

കര്‍ഷകരുടെ ഭൂമിയില്‍ പകുതിയെ അടിസ്ഥാന ഭൂ നികുതി രജിസ്റ്ററില്‍ നിലവില്‍ റിസര്‍വ് വനം എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് തിരുത്തി ഭൂമി പതിവു ചട്ടപ്രകാരം പട്ടയം അനുവദിക്കാവുന്നതാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 61 വര്‍ഷം നീണ്ട സാങ്കേതിക കുരുക്ക് നീങ്ങിക്കിട്ടുന്നതിന്റെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണ് പെരുമ്പെട്ടിയിലെ 500 കുടുംബങ്ങള്‍.

Tags: