വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡ് വ്യാഴാഴ്ച തൃശൂരില്‍

Update: 2022-11-30 00:44 GMT

തൃശൂര്‍: വനിതാ പോലിസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് തൃശൂരിലെ കേരള പോലിസ് അക്കാദമിയില്‍ വ്യാഴാഴ്ച നടക്കും. രാവിലെ ഒന്‍പതുമണിക്ക് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് ഉള്‍പ്പെടെ ഉന്നത പോലിസുദ്യോഗസ്ഥര്‍ പരേഡില്‍ സംബന്ധിക്കും. 109 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാവുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ എട്ടിനാണ് ഇവരുടെ പരിശീലനം ആരംഭിച്ചത്. ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് വിവിധ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും കൗണ്ടര്‍ അര്‍ബന്‍ ടെററിസം, ബോംബ് ഡിറ്റക്ഷന്‍, വിഐപി സെക്യൂരിറ്റി എന്നിവയിലും പരിശീലനം നല്‍കി.

ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം, പോലിസ് സ്‌റ്റേഷന്‍ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വിഐപി ബന്തവസ്സ് എന്നിവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.

Tags:    

Similar News