'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു, ഇത് അനുവദിക്കാനാവില്ല': പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടി പാര്‍വ്വതി

നേരത്തേ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു.

Update: 2019-12-12 04:26 GMT

കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തെരുവോത്ത്. 'നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിച്ച് കൊടുക്കരുത്. ഒരിക്കലും അരുത്'. എന്നാണ് പാര്‍വ്വതി ട്വിറ്ററിലൂടെ പ്രതികരിച്ചത്. രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം പടരുമ്പോഴും മലയാളം ഉള്‍പ്പെടെയുള്ള സിനിമ മേഖലയില്‍നിന്ന് പാര്‍വ്വതിയുടേത് പോലെയുള്ള ഒറ്റപ്പെട്ട ശബ്ദമാണ് ഉയര്‍ന്നിട്ടുള്ളു. നേരത്തേ, ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് മുന്നോട്ട് വന്നിരുന്നു.

കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെ വേദിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചലച്ചിത്ര മേളയില്‍ ഉണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷദ് അടക്കമുളളവര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെയാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ശേഷം ബില്ല് രാജ്യസഭയുടെ പടികടന്നത്.നേരത്തേ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.


Tags: