ഒരാളെപ്പോലും പുറത്താക്കാനാകില്ല: ബംഗ്ലാദേശ് അഭയാര്‍ഥികള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്; മമത ബാനര്‍ജി

സംസ്ഥാനത്തെ 119 ബംഗ്ലാദേശ് അഭയാര്‍ഥി കോളനികളും അംഗീകൃതമാണ്. അവിടെയുള്ളവരെല്ലാം ഇന്ത്യക്കാരാണ്, അതുകൊണ്ട് അവര്‍ക്ക് പുതുതായി പൗരത്വം ലഭിക്കേണ്ട ആവശ്യമില്ലെന്നും മമത പറഞ്ഞു.

Update: 2020-03-04 14:37 GMT

കാലിയഗഞ്ച്: പശ്ചിമ ബംഗാളിലെ എല്ലാ ബംഗ്ലാദേശ് അഭയാര്‍ഥികളും ഇന്ത്യന്‍ പൗരന്‍മാരാണെന്നും ആര് വിചാരിച്ചാലും അവരുടെ പൗരത്വം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ 119 ബംഗ്ലാദേശ് അഭയാര്‍ഥി കോളനികളും അംഗീകൃതമാണ്. അവിടെയുള്ളവരെല്ലാം ഇന്ത്യക്കാരാണ്, അതുകൊണ്ട് അവര്‍ക്ക് പുതുതായി പൗരത്വം ലഭിക്കേണ്ട ആവശ്യമില്ലെന്നും മമത പറഞ്ഞു. വിഭജനത്തിനും 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനും ശേഷവും ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്‌ലിംകളും പാകിസ്ഥാനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയിരുന്നു. 'നിങ്ങള്‍ എല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണ്, ബിജെപിയുടെ തെറ്റായ പ്രസ്താവനകളാല്‍ തെറ്റിദ്ധരിക്കപ്പെടരുത്' മമതാ ബാനര്‍ജി ഒരു പൊതുയോഗത്തില്‍ പറഞ്ഞു.

'നിങ്ങള്‍ക്ക് ഒരു വിലാസം, റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് എല്ലാമുണ്ട്. ഒരു പുതിയ കാര്‍ഡ് ബിജെപിയില്‍ നിന്ന് ലഭിക്കേണ്ട ആവശ്യമില്ല. വിഷമിക്കേണ്ട, ഈ ദീദി എല്ലായ്‌പ്പോഴും നിങ്ങളുടെ അരികിലെത്തും. നിങ്ങളുടെ കുടുംബം എന്റെ കുടുംബമാണ്. ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല, ' അവര്‍ ഉറപ്പിച്ചു പറഞ്ഞു.




Tags: