'ഇത് അവസാന അവസരമല്ല, കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത്'; പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

പരീക്ഷകള്‍ അവസാനത്തെ സാധ്യതയല്ലെന്നും മറിച്ച് മുന്നോട്ടുള്ള കാലം ജീവിതം രൂപീകരിക്കാനുള്ള മികച്ച അവസരമാണെന്നും പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ച'യില്‍ മോദി വ്യക്തമാക്കി.

Update: 2021-04-07 18:53 GMT

ന്യൂഡല്‍ഹി: പരീക്ഷയുടെ പേരില്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കാതിരുന്നാല്‍ പരീക്ഷാപ്പേടി കുറയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകള്‍ അവസാനത്തെ സാധ്യതയല്ലെന്നും മറിച്ച് മുന്നോട്ടുള്ള കാലം ജീവിതം രൂപീകരിക്കാനുള്ള മികച്ച അവസരമാണെന്നും പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ച'യില്‍ മോദി വ്യക്തമാക്കി.

മാതാപിതാക്കള്‍ കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കി അവരുടെ കഴിവുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. അരോഗ്യപ്രദമായ ഒരു പരിസ്ഥിതി കുട്ടികള്‍ക്കായി ഒരുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

'വിജയം കൈവരിച്ച വ്യക്തികള്‍ അവരുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്. ചില വിഷയങ്ങള്‍ ഇഷ്ടപ്പെടാതിരിക്കുന്നതും വിഷമകരമാകുന്നതും ഒക്കെ സംഭവിക്കാവുന്നതാണ്. പക്ഷേ, അതിനെ ഒരു പരാജയമായി കണക്കാക്കരുത്. വിഷമമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക', പ്രധാനമന്ത്രി പറഞ്ഞു.

ദിവസത്തില്‍ ഒഴിവു സമയം വളരെ അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം ജീവിതം വളരെ റോബോട്ടിക് അവസ്ഥയില്‍ ആയിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. സമയക്രമീകരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണം. ശരിയായ സമയക്രമീകരണം ഒരുപാട് സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News