റായ്പൂര്‍: റോഡപകടത്തില്‍ മകന്‍ മരിച്ചതിന്റെ ദുഖം സഹിക്കാനാകാതെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ഛത്തിസ്ഗഢിലാണ് സംഭവം. ധാര്‍ദേയി ഗ്രാമത്തിലെ കൃഷ്ണ പട്ടേല്‍ (48), രമാ ബായി ദമ്പതികളാണ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിച്ചത്.
ജഞ്ച്ഗിര്‍ചമ്പ ജില്ലയിലെ ശിവ്രിനാരായണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയ്ക്ക് മുന്‍പ് നാലു പേജുകളുള്ള കുറിപ്പും ഒരു വീഡിയോ സന്ദേശവും തയ്യാറാക്കിയതായി പോലിസ് അറിയിച്ചു. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ല് പണിക്കാരനായ കൃഷ്ണ പട്ടേലിന്റെ ഏകമകന്‍ ആദിത്യ പട്ടേല്‍ (21) 2024ല്‍ ഉണ്ടായ റോഡപകടത്തിലാണ് മരിച്ചത്. മകന്റെ വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ അതീവ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയും, ഞങ്ങളുടെ ലോകവും... അനുസരണയുള്ള മകനും, സുഹൃത്തും ആയിരുന്നു ആദിത്യന്‍... വീട് ചിരി കൊണ്ട് നിറച്ച ദൈവത്തിന്റെ അനുഗ്രഹമായിരുന്നു അവന്‍. എന്നാല്‍ അപകടത്തിനുശേഷം വീട് നിശബ്ദമായി. അവന്‍ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി. ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ, യഥാര്‍ഥത്തില്‍ ജീവിക്കുന്നേയില്ലായിരുന്നു... ആത്മഹത്യ കുറിപ്പില്‍ പറയുന്നു.