മാധ്യമ പ്രവര്‍ത്തകനെതിരേയുള്ള പഞ്ചായത്ത് നീക്കം അപലപനീയം: പത്രപ്രവര്‍ത്തക യൂനിയന്‍

പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കലാപകാരിയെന്ന് മുദ്ര കുത്തുന്നതിന് പകരം വാര്‍ത്തകളില്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പരിഹാരം കൊണ്ടുവരുകയാണ് ജനാധിപത്യ പ്രക്രിയയ്ക്കു ഭൂഷണമെന്നും യൂനിയന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2021-05-11 12:54 GMT

കോഴിക്കോട്: ചങ്ങരോത്ത് നാലു കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കിയ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കലാപകാരിയെന്ന് മുദ്ര കുത്തുന്നതിന് പകരം വാര്‍ത്തകളില്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പരിഹാരം കൊണ്ടുവരുകയാണ് ജനാധിപത്യ പ്രക്രിയയ്ക്കു ഭൂഷണമെന്നും യൂനിയന്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ കോവിഡ് നെഗറ്റിവുകാരെയും പൊസിറ്റിവുകാരെയും ഒരുമിച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറത്ത് പാറാവുകാരോ സന്നദ്ധപ്രവര്‍ത്തകരോ ഇല്ലാതെ കെട്ടിടങ്ങള്‍ പൂട്ടുന്നത് മനുഷ്യാവകാശ ലംഘനവുമാണ്. ഒരു അത്യാഹിതമോ മറ്റോ ഉണ്ടായാല്‍ ഈ കെട്ടിടങ്ങളിലെ മനുഷ്യര്‍ എന്തു ചെയ്യും എന്നത് ആലോചിക്കേണ്ട വിഷയമാണ്. എന്നിരിക്കെ കെട്ടിടങ്ങള്‍ പൂട്ടിയിട്ടുവെന്ന സംഭവത്തില്‍ വാര്‍ത്താമൂല്യമുണ്ട്.

അതേസമയം, വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയല്ല പരാതി എന്നതും ശ്രദ്ധേയമാണ്. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എന്‍ പി സക്കീര്‍ ജോലി ചെയ്യുന്ന എഎന്‍ഐ ന്യൂസ് ഏജന്‍സിയില്‍ ഈ വിഷയത്തില്‍ വന്ന ഏതെങ്കിലും വാര്‍ത്ത ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നിരിക്കെ തങ്ങള്‍ക്കെന്തോ മറച്ചുവെക്കാന്‍ ഉള്ളതുകൊണ്ട് ബോധപൂര്‍വം ഒരു പ്രതിയെ സൃഷ്ടിക്കുന്നതുപോലെ തോന്നുന്നു ഗ്രാമപ്പഞ്ചായത്തിന്റെ പ്രവര്‍ത്തനം. കെട്ടിച്ചമച്ച ആരോപണത്തിനുമേല്‍ കലാപാഹ്വാനം നടത്തി എന്നൊക്കെ പറഞ്ഞ് പോലിസില്‍ പരാതി നല്‍കുന്നതും പ്രമേയം പാസാക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതാണോ എന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ആലോചിക്കണമെന്നും യൂനിയന്‍ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News