ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മര്‍ദ്ദിച്ചെന്ന് ക്ഷേത്ര ജീവനക്കാരന്റെ പരാതി

Update: 2024-02-15 06:59 GMT

കൊല്ലം: ചവറ തേവലക്കരയില്‍ ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതായി ക്ഷേത്ര ജീവനക്കാരന്റെ പരാതി. തേവലക്കര മേജര്‍ ദേവീ ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദ്ദനമേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിനെത്തിയ പ്രതി, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് പരാതി. തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍.

    ഉച്ചത്തില്‍ കൊട്ടണമെന്നും താന്‍ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണെന്നും ആക്ഷേപിച്ച് തോര്‍ത്തില്‍ കല്ല് കെട്ടിയാണ് ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ആക്രമണം കണ്ട് മറ്റ് ക്ഷേത്ര ജീവനക്കാരെത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിനുശേഷം പ്രതി ഒളിവില്‍ പോയി. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ തെക്കുംഭാഗം പോലിസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് പ്രതിയെന്നും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും വിമര്‍ശനമുണ്ട്. അതേസമയം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News