ജനാധിപത്യമുന്നേറ്റത്തെ വേട്ടയാടി തകര്‍ക്കാമെന്നത് വ്യാമോഹം: അജ്മല്‍ ഇസ്മാഈല്‍

Update: 2022-11-21 08:56 GMT

പാലക്കാട്: എസ്ഡിപിഐ നടത്തുന്ന ജനാധിപത്യ മുന്നേറ്റത്തെ വേട്ടയാടലിലൂടെ തകര്‍ക്കാമെന്നത് പാലക്കാട് പോലിസിന്റെ വ്യാമോഹം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?' എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന കാംപയിനിന്റെ ഭാഗമായി നടന്ന വാഹന പ്രചരണ ജാഥയുടെ തൃത്താല മണ്ഡലം തല സമാപന യോഗം കൂറ്റനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റുകളുടെ അച്ചാരം വാങ്ങി ആദര്‍ശ പ്രസ്ഥാനങ്ങള്‍ക്ക് നേരേ പാലക്കാട് പോലിസ് കള്ളക്കേസ് ചുമത്തുന്നത് അവസാനിപ്പിക്കണം. ചതിയിലൂടെയും വഞ്ചനയിലൂടെയും നിയമവിരുദ്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കള്ളക്കേസുകള്‍ ചുമത്തുന്നത്. മുമ്പും പാലക്കാട് പോലിസ് ഇത്തരം വേട്ടയാടലുകള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും പാര്‍ട്ടി തളരുകയല്ല, വളരുകയാണ് ചെയ്തത്.

യാഥാര്‍ഥ്യബോധത്തോടെയും സത്യസന്ധമായും കേസന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. ക്വട്ടേഷന്‍ പണി പോലിസ് അവസാനിപ്പിക്കണം. നിരപരാധികളെ വേട്ടയാടുന്ന പോലിസ് നടപടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അജ്മല്‍ ഇസ്മാഈല്‍ വ്യക്തമാക്കി. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനംമൂച്ചി, അഷ്‌റഫ് കുമരനെല്ലൂര്‍ സംസാരിച്ചു.

Tags:    

Similar News