ന്യൂഡല്‍ഹി: പാകിസ്താന്റെ നുണപ്രചരണങ്ങള്‍ തുറന്നു കാട്ടി ഇന്ത്യ. വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്താന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യ വ്യക്തമാക്കിയത്. വ്യാജ വാര്‍ത്തകള്‍ തെളിവുസഹിതം ചൂണ്ടികാണിച്ചായിരുന്നു വാര്‍ത്താ സമ്മേളനം
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ വാക്കുകള്‍........
''ഇന്ത്യന്‍ വ്യോമസേനാ താവളങ്ങള്‍ നശിപ്പിച്ചെന്ന വാര്‍ത്ത വ്യാജം
ഒരു വ്യോമസേനാ താവളവും നശിപ്പിക്കപ്പെട്ടിട്ടില്ല. സിര്‍സയിലെ വ്യോമസേനാ താവളം നശിപ്പിക്കപ്പെട്ടു എന്ന അവകാശവാദം പൂര്‍ണ്ണമായും തെറ്റാണ്
എസ് 400 പ്രതിരോധസംവിധാനം നശിപ്പിച്ചെന്ന വാര്‍ത്ത വ്യാജം
ആദംപൂരിലെ എസ് 400 പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടുവെന്ന ഒരു അവകാശവാദം വീണ്ടും ഉന്നയിക്കപ്പെടുന്നു, അത് പൂര്‍ണ്ണമായും തെറ്റാണ്.
ഇന്ത്യയിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത വ്യാജം
ഇന്ത്യയിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി സംവിധാനം, സൈബര്‍ സംവിധാനം എന്നിവ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തുവെന്ന അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.
ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന വാര്‍ത്ത വ്യാജം
ഇന്ത്യന്‍ മിസൈലുകള്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചില്ല. തികച്ചും പരിഹാസ്യമായ ഒരു അവകാശവാദമാണ്. തികച്ചും ബാലിശമായ ആരോപണമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലതവണ സിവിലിയന്‍ ജനതയെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യം ഏതാണെന്ന് അഫ്ഗാന്‍ ജനതയെ ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.''
