ഇന്ത്യ നിലപാട് മാറ്റുന്നു: ന്യൂഡല്‍ഹി ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലേക്ക് പാകിസ്താനെ ക്ഷണിക്കും

കഴിഞ്ഞ ജൂണില്‍ കിര്‍ഗിസ്താനിലെ ബിഷ്‌കെകിലാണ് അവസാന ഉച്ചകോടി നടന്നത്. ഉച്ചകോടിക്ക് സമാന്തരമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പാകിസ്താന്‍ ഭീകരതയ്ക്ക് വെളളവും വളവും നല്‍കുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Update: 2020-01-16 17:15 GMT

ന്യൂഡല്‍ഹി: ഭീകരവാദവും ചര്‍ച്ചയും ഒരേ സമയം മുന്നോട്ട് പോവില്ലെന്ന മുന്‍നിലപാട് ഉപേക്ഷിച്ച് ഇന്ത്യ ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍  ഉച്ചകോടിയിലേക്ക് പാകിസ്താനെ ക്ഷണിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ന്യൂഡല്‍ഹിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. കൃത്യമായ തിയ്യതി തീരുമാനിച്ചിട്ടില്ല.

പാകിസ്താനെ വിളിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷാങ്ഹായ് കോപറേഷനിലെ 8 അംഗ രാജ്യങ്ങളെയും നിരീക്ഷകരായ 4 രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ 8 അംഗരാജ്യങ്ങളുള്ള പ്രാദേശിക സുരക്ഷാ-സാമ്പത്തിക കൂട്ടായ്മയാണ്. ആദ്യം റഷ്യ, ചൈന, കിര്‍ഗിസ് റിപബ്ലിക്, കസാക്കിസ്താന്‍, തജാകിസ്താന്‍, ഉസ്ബക്കിസ്താന്‍ തുടങ്ങി 6 രാജ്യങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. 2017 അതില്‍ ഇന്ത്യയും പാകിസ്താനും അംഗങ്ങളായതോടെ മൊത്തം 8 രാജ്യങ്ങളായി.

കഴിഞ്ഞ ജൂണില്‍ കിര്‍ഗിസ്താനിലെ ബിഷ്‌കെകിലാണ് അവസാന ഉച്ചകോടി നടന്നത്. ഉച്ചകോടിക്ക് സമാന്തരമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ പാകിസ്താന്‍ ഭീകരതയ്ക്ക് വെളളവും വളവും നല്‍കുകയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

ഇന്നലെയാണ് ഇന്ത്യക്കെതിരേ ചൈനയുടെ മുന്‍കൈയില്‍ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ അടഞ്ഞ വാതില്‍ ചര്‍ച്ച നടത്തിയത്. ഇത്തരം മൂന്നു നീക്കങ്ങള്‍ ചൈന നടത്തി. എന്നിട്ടും അത് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മുന്‍ നിലപാടുകള്‍ തള്ളി ഇന്ത്യ പാകിസ്താനെ ഉച്ചകോടിക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. 

Tags:    

Similar News