പഹല്‍ഗാം ആക്രമണം; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം നടത്തും

Update: 2025-05-05 07:11 GMT

ന്യൂഡല്‍ഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം നടത്തും. ഈ വിഷയത്തില്‍ പാകിസ്താന്‍ അടിയന്തര യോഗം ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്മീരിലെ ആക്രമണത്തിനുശേഷം, സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യ പാകിസ്താനെതിരേ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

അതേസമയം, നിയന്ത്രണ രേഖയിലെ എട്ട് ഫോര്‍വേഡ് സെക്ടറുകളില്‍ പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടികാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ലെങ്കിലും, വ്യോമസേനാ മേധാവി മാര്‍ഷല്‍ സിങ്ങും പ്രധാനമന്ത്രിയും സുരക്ഷാ സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി സൂചനകളുണ്ട്.

Tags: