യു.എ.പി.എ പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമമെന്നത് കൂടുതല്‍ വ്യക്തമാകുന്നുവെന്ന് പി അബ്ദുല്‍ ഹമീദ്

Update: 2021-01-06 12:30 GMT

തിരുവനന്തപുരം: യു.എ.പി.എ പൗരാവകാശത്തെ തടവിലാക്കുന്ന ഭീകരനിയമമാണെന്നത് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച ത്വാഹാ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് യു.എ.പി.എ ഭീകരനിയമത്തിന്റെ ചുവടുപിടിച്ചാണ്. കതിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി ജയരാജിനെതിരായ യു.എ.പി.എ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യമാണ് നീതി, ജയിലല്ല എന്ന നീതി സങ്കല്‍പ്പത്തില്‍ നിന്ന് യു.എ.പി.എ നിയമങ്ങളുടെ കാര്യത്തില്‍ ജയിലാണ് നിയമം, ജാമ്യമല്ല എന്ന സൂചന പന്തീരാങ്കാവ് കേസില്‍ ഹൈക്കോടതി വിധിയിലൂടെ വായിച്ചെടുക്കാം.

ഭരണകൂട ഭീകരതയില്‍ നിന്ന് പൗരന്മാരെയും മൗലികാവകാശങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ യു.എ.പി.എ പാടില്ലെന്നത് പോലും ജയരാജന്റെ കേസില്‍ പരിഗണിക്കപ്പെട്ടില്ല. പന്തീരാങ്കാവ് കേസില്‍ ഒന്നാം പ്രതിയുടെ ജാമ്യം നിലനിര്‍ത്തി രണ്ടാം പ്രതിയെ ജയിലിലാക്കിയത് യു.എ.പി.എ ഭീകര നിയമത്തിന്റെ ദുരുപയോഗത്തിന്റെ തെളിവാണ്. ഭരണകൂടങ്ങള്‍ക്ക് പൗരാവകാശ ലംഘനത്തിനും തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് വിമര്‍ശന ശബ്ദങ്ങളെ ഇല്ലാതാക്കാനും ഉപയോഗിക്കാന്‍ കഴിയുന്ന ഭീകരഉപകരണമായി യു.എ.പി.എ മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഈ കേസുകളിലൂടെ വ്യക്തമാകുന്നത്. പൗരാവകാശത്തിനെതിരായ ഭരണകൂട ഭീകരതയായി യു.എ.പി.എയെ തിരിച്ചറിഞ്ഞ് അതിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News