മടങ്ങിയെത്തിയ പ്രവാസികളുടെ വിദേശത്തുള്ള ആനുകൂല്യങ്ങള്‍: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നോര്‍ക്ക റൂട്‌സ് ചെയര്‍മാന് പരാതി

Update: 2020-09-23 09:44 GMT

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണ്‍ മൂലം രാജ്യത്തേക്ക് മടങ്ങിയ തൊഴിലാളികളുടെ വിദേശത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നോര്‍ക്ക റൂട്ട് ചെയര്‍മാന് പരാതി.

തിരികെയെത്തിയ പ്രവാസികളുടെ വിദേശത്തുളള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ലോയേഴ്‌സ് ബീയോണ്ട് ബോര്‍ഡേഴ്‌സ് ഇന്ത്യ കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുന്നൂറിലധികം പ്രവാസികളുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച സൗദി അറേബ്യയിലെ നാസ്സര്‍. എസ്. അല്‍ഹജ്‌രി കോര്‍പറേഷനിലെ പ്രവാസി തൊഴിലാളികള്‍ക്കുവേണ്ടി ലോയേഴ്‌സ് ബീയോണ്ട് ബോര്‍ഡേഴ്‌സ് നല്‍കിയ ഹരജയിലാണ് ഹൈക്കോടതി കഴിഞ്ഞ ആഗസ്റ്റില്‍ ഉത്തരവിട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നോര്‍ക്ക റൂട്ട്‌സിന്റെയും ചെയര്‍മാന്‍. 

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്; ഇതില്‍ വലിയൊരളവ് പ്രവാസികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലര്‍ക്കും ലോക്ക്‌ഡൌണ്‍ കാലത്തെ ശമ്പള കുടിശ്ശിക മുതല്‍ പതിറ്റാണ്ടുകളോളം തൊഴിലെടുത്തതിന്റെ ഭാഗമായി അതതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍വരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാസ്സര്‍. എസ്. അല്‍ഹജ്‌രി കോര്‍പറേഷനിലെ പ്രവാസി തൊഴിലാളികള്‍ക്കുവേണ്ടി അഭിഭാഷക കൂട്ടായ്മ കോടതിയെ സമീപിച്ചത്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് അടിയന്തിരമായി ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്ന പ്രവാസികളുടെ നഷ്ടപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങളെപ്പറ്റി അതതു രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങള്‍ക്കും നീതി നിര്‍വഹണ സംവിധാനത്തിനുമനുസൃതമായി പരാതികള്‍ ഉന്നയിക്കാനുമുള്ള സംവിധാനമൊരുക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Tags:    

Similar News