കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

Update: 2024-12-13 10:55 GMT
കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ലഖ്നൗ: കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിറക്കി കോടതി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശം. അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്.

ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്‍ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്‍ എംഎല്‍എ കരാറുണ്ടാക്കി. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്‍ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും നല്‍കാമെന്ന് എംഎല്‍എ സമ്മതിച്ചതായി ഹരജിക്കാരന്‍ പറയുന്നു. എന്നാല്‍ ബാക്കി തുക നല്‍കാതെ തന്നെ സ്ഥലം വാങ്ങിക്കാന്‍ എംഎല്‍എ സമ്മര്‍ദ്ദം ചെലുത്തുകയും തുടര്‍ന്ന് ഹരജിക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

Tags: