കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്: കോടിയേരി

പോലിസിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരത് നീക്കും

Update: 2022-03-19 12:42 GMT

തിരുവനന്തപുരം: കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ സമരമാണ്. വെടിവെയ്പ്പ് ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച് നടത്തുന്നതാണെന്നും അവരുടെ ലക്ഷ്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയടക്കമുള്ള എല്ലാ വര്‍ഗീയ കക്ഷികളുമായി യുഡിഎഫ് ചങ്ങാത്തം കൂടിയിരിക്കുകയാണ്.

വികസനപദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിര്‍ക്കുകയാണ്. യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നു. കല്ലെടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാവുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ന്യായമായ പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, പോലിസ് നടപടികളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവരത് നീക്കും. ഏറെ സമരം നടത്തിയവരാണ് ഇടതുപക്ഷക്കാരെന്നും പോലിസ് നടപടിയെ ന്യായീകരിച്ചു കോടിയേരി പറഞ്ഞു.

അതേസമയം, സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള രേഖ കൂടുതല്‍ ചര്‍ച്ചയ്ക്കായാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. എല്ലാ മേഖലയിലുമുള്ള സര്‍ക്കാര്‍ ഇടപ്പെടലാണ് രേഖയില്‍ പാര്‍ട്ടി മുമ്പോട്ട് വെക്കുന്നത്. തുടര്‍ഭരണത്തിന് ദിശാബോധം കിട്ടാന്‍ വേണ്ടിയാണ് രേഖ അംഗീകരിച്ചത്. രേഖയിലെ കാഴ്ച പാടുകള്‍ എല്‍ഡിഎഫിലെ പ്രകടന പത്രികയിലെ നിര്‍ദ്ദേശങ്ങളുടെ വികസിത രൂപമാണ്. നിലവിലെ രേഖ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത് അവരുടെ കാഴ്ച പാടുകള്‍ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് രേഖയാക്കി മാറ്റും. ഇത് സര്‍ക്കാര്‍ രേഖയാക്കി മാറ്റി പദ്ധതികള്‍ നടപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ വികസന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് പരിശോധിച്ച് 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് മുന്നോട്ട് വെച്ചത്. എല്ലാം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്ര നയത്തിന് വ്യത്യസ്ഥമായി, എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപ്പെടുക എന്നതാണ് നവകേരള രേഖ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News