അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Update: 2025-09-30 04:55 GMT

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.പ്രതിപക്ഷ നേതാവിന്റെ നെഞ്ചില്‍ വെടിയുണ്ട കയറ്റുമെന്ന മുന്‍ എബിവിപി നേതാവ് പ്രിന്റു മഹാദേവിന്റെ പ്രസ്താവനക്കെതിരേയുള്ള പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യം സ്പീക്കര്‍ തള്ളിയതിനേ തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യമാണ് സ്പീക്കര്‍ നിരാകരിച്ചത്. ഇതിനെതുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കര്‍ക്കതിരേ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

ഒരു മലയാള ചാനലിലെ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരേ സംസാരിച്ചത്. ബംഗ്ലാദേശിലേതുപോലുള്ള പ്രതിഷേധം ഇന്ത്യയില്‍ ഉണ്ടായാല്‍ രാഹുല്‍ ഗാന്ധിയെ വെടിവച്ചുകൊല്ലുമെന്നായിരുന്നു ഒരു ടിവി ചര്‍ച്ചയില്‍ ഇയാള്‍ പറഞ്ഞത്.

അതേസമയം, രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മുന്‍ എബിവിപി നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തെഴുതിയിരുന്നു. സംഭവത്തില്‍ വേഗത്തില്‍ നടപടിയെടുക്കാത്തത് പ്രതിപക്ഷ നേതാവിനെതിരായ അക്രമത്തിന് കൂട്ടുനില്‍ക്കുന്നതും സംഭവത്തെ സാധാരണ നിലയിലാക്കുന്നതുമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: