അയോധ്യക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തവര്‍ താലിബാന്‍ മനോഭാവക്കാര്‍; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

Update: 2021-11-09 04:01 GMT

ഷംലി: അയോധ്യക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തവരും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരേ നിലകൊണ്ടവരും താലിബാന്‍ മനോഭാവക്കാരാണെന്ന ആരോപണവുമായി യോഗി ആദിത്യനാഥ്. 2013ലെ മുസഫര്‍നഗര്‍ കലാപത്തെയും കെയ്‌റാന പലായനത്തെയും അനുകൂലിച്ചവരും താലിബാന്‍ പക്ഷക്കാരാണെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും യോഗി ആദിത്യനാഥ് ഭീഷണി മുഴക്കി. ഷംലി ജില്ലയില്‍ കെയ്‌റാനയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്‍ മനോഘടന അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

''താലിബാനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. താലിബാന്‍ മനോഘടന അസ്വീകാര്യമാണ്. അത് അസഹനീയമാണ്. രാജ്യത്തെ ചരിത്രാതീത കാലത്തേക്ക് നയിക്കുന്നവരെ പിന്തുണയ്ക്കാനാവില്ല. ഈ മനോഘടനയുള്ളവര്‍ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നവരാണ്. മതവിശ്വാസങ്ങളെ അന്ധമായി പിന്തുടരുന്നവര്‍ താലിബാന്‍ മനോഭാവക്കാരാണ്. അതും സഹിക്കാനാവില്ല'' -യോഗി അഭിപ്രായപ്പെട്ടു.

''അയോധ്യ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തവര്‍, അനുച്ഛേദം 370 റദ്ദാക്കുന്നതിനെ എതിര്‍ത്തവര്‍, 2013ലെ മുസഫര്‍നഗര്‍ കലാപത്തെ അനുകൂലിച്ചവര്‍. അവരും താലിബാനെ പിന്തുണയ്ക്കുന്നവരാണ്''- അദ്ദേഹം ആരോപിച്ചു.

2017 തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രശ്‌നമായി ഉയര്‍ത്തിയ വിഷയമാണ് കെയ്‌റാന പലായനം. ഒരു പ്രദേശത്തുനിന്ന് ഒരു പ്രത്യേക സമുദായത്തിലെ നിരവധി കുടുംബങ്ങളെ ഗുണ്ടകള്‍ അടിച്ചോടിച്ചുവെന്നായിരുന്നു ആരോപണം.

ആ തിരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റോടെ ബിജെപി അധികാരത്തിലെത്തി. സമാജ് വാദി പാര്‍ട്ടിക്ക് 47ഉം ബിഎസ്പിക്ക് 19ഉം കോണ്‍ഗ്രസ്സിന് 7 ഉം സീറ്റ് ലഭിച്ചു.

Tags: