'ഓപ്പറേഷന്‍ റൗണ്ട് അപ്പ്': സംസ്ഥാന വ്യാപക ഡ്രൈവില്‍ 1,663 പേര്‍ അറസ്റ്റില്‍

Update: 2026-02-18 06:23 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പോലിസ് നടത്തിയ സംസ്ഥാനവ്യാപക സ്‌പെഷ്യല്‍ ഡ്രൈവില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 691 പേരെയും വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന 972 പേരെയും അറസ്റ്റ് ചെയ്തു. ഗുണ്ടകള്‍, പതിവ് കുറ്റവാളികള്‍, മോഷ്ടാക്കള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 'ഓപ്പറേഷന്‍ റൗണ്ട് അപ്പ്' എന്ന പേരില്‍ പ്രത്യേക നടപടി സ്വീകരിച്ചത്. സംസ്ഥാന പോലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ക്രമസമാധാന വിഭാഗം എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ഫെബ്രുവരി 12 മുതല്‍ 14 വരെയായിരുന്നു നടപടി. ദക്ഷിണ, ഉത്തര മേഖലാ ഐജിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ജില്ലാ പോലിസ് മേധാവിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡ്രൈവിന്റെ ഭാഗമായി 1,028 പേര്‍ക്കെതിരേ ബിഎന്‍എസ്എസ് സെക്ഷന്‍ 126/129 പ്രകാരം കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കാപ്പ നിയമപ്രകാരം 20 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും 30 പേര്‍ക്കെതിരേ നാടുകടത്തല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനുപുറമേ, മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരേ 1,354 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബന്ധപ്പെട്ടവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് പോലിസ് അറിയിച്ചു.

Tags: