ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനത്ത് 27 പേര്‍ അറസ്റ്റില്‍

Update: 2026-04-14 16:00 GMT

തിരുവനന്തപുരം: 'ഓപ്പറേഷന്‍ ഡി-ഹണ്ട്'ന്റെ ഭാഗമായി നടത്തിയ സംസ്ഥാനവ്യാപക സ്‌പെഷ്യല്‍ ഡ്രൈവില്‍ സംശയാസ്പദരായ 1,168 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകള്‍ കൈവശം വച്ചതിനും വില്‍പ്പനയില്‍ ഏര്‍പ്പെട്ടതിനും ബന്ധപ്പെട്ട് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് 27 പേരെ അറസ്റ്റ് ചെയ്തു.

പരിശോധനകളില്‍ എംഡിഎംഎ 5.76 ഗ്രാം, കഞ്ചാവ് 29.170 കിലോഗ്രാം, കൂടാതെ കഞ്ചാവ് ബീഡികള്‍ ഒന്‍പത് എണ്ണം എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് ശൃംഖല തകര്‍ക്കുന്നതിനായി സംസ്ഥാനതലത്തില്‍ ശക്തമായ നിരീക്ഷണവും ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളും തുടരുന്നതായി പോലിസ് വ്യക്തമാക്കി. സംഭരണവും വില്‍പ്പനയും നടത്തുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂമും സജ്ജമാണ്. 9497927797 എന്ന നമ്പറില്‍ ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Tags: