ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലേ ഭരണഘടനയും സ്ത്രീകളും സുരക്ഷിതമായിരിക്കൂ; വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

Update: 2021-09-01 06:24 GMT

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലേ ഭരണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കൂ എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ സി ടി രവി.

''ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കില്‍ മാത്രമേ രാജ്യത്ത് ബി ആര്‍ അംബേദ്കര്‍ രൂപം കൊടുത്ത ഭരണഘടനയുണ്ടാവൂ. ഹിന്ദുക്കള്‍ ഭൂരിപക്ഷമാവുന്നിടത്തോളമേ അവസര സമത്വം നിലിനല്‍ക്കൂ. പഴയ ഗാന്ധാര ദേശത്ത് (ഇന്നത്തെ അഫ്ഗാനില്‍) ഹിന്ദുക്കള്‍ ന്യൂനപക്ഷമായതോടെ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കും''- രവി പറഞ്ഞു.

അംബേദ്ക്കറുടെ ഭരണഘടന സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതാലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

''മതേതരത്വവും മതസഹിഷ്ണുതയും ഹിന്ദുക്കളുടെ അടിസ്ഥാന വിശ്വാസനത്തിന്റെ ഭാഗമാണ്. സഹിഷ്ണുതയുള്ളവര്‍ ഭൂരിക്ഷമുള്ളിടത്തോളമേ മതേതരത്വം നിലനില്‍ക്കൂ. അവിടെ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാവും. സഹിഷ്ണുതയുളളവര്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിലെപ്പോലെയാവും കാര്യങ്ങള്‍. അഹിന്ദുക്കള്‍ ഭൂരിപക്ഷമായാല്‍ അവര്‍ ശരിഅയെക്കുറിച്ച് പറയും. അല്ലാതെ അംബേദ്കറുടെ ഭരണഘടനയെക്കുറിച്ചല്ല സംസാരിക്കുക''- രവി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയം വസ്തുനിഷ്ഠമായിരിക്കണമെന്നും പ്രീണന രാഷ്ട്രീയം പാടില്ലെന്നും രവി കോണ്‍ഗ്രസ്സിനെ ഉപദേശിച്ചു.

''പ്രീണനരാഷ്ട്രീയം കൂടുതല്‍ പാകിസ്താനുകളെ ഉണ്ടാക്കും. നിങ്ങള്‍ താല്‍ക്കാലികമായി അധികാരത്തിലെത്തിയേക്കാം എന്നാല്‍ കൂടുതല്‍ പാകിസ്താനുകളെ സൃഷ്ടിക്കും. അത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നെങ്കില്‍ രാഷ്ട്രീയം വസ്തുനിഷ്ഠമായി പരിശോധിച്ച് രാജ്യത്തിന് മുന്‍ഗണന നല്‍കണം''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: