ഗ്രാമീണ ഇന്ത്യയില്‍ 57% കുട്ടികള്‍ മാത്രമേ പഠനാവശ്യത്തിനു ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ, റിപോര്‍ട്ട്

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളില്‍, അടിസ്ഥാന ഓണ്‍ലൈന്‍ സുരക്ഷാ നടപടികളെക്കുറിച്ചുള്ള അറിവ് വളരെ ഉയര്‍ന്നതാണ്

Update: 2025-02-02 06:12 GMT

ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യന്‍ കുട്ടികളില്‍ 57 ശതമാനം മാത്രമേ വിദ്യാഭ്യാസ ആവശ്യത്തിനായി ഫോണ്‍ ഉപയോഗിക്കുന്നുള്ളൂവെന്ന് വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപോര്‍ട്ട്. ജനുവരി 28-ന് പുറത്തിറക്കിയ 2024 വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗ്രാമീണ ഇന്ത്യയിലെ 14-16 വയസ്സിനിടയിലുള്ള 82 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാമെന്നും അതില്‍ 57 ശതമാനം പേര്‍ മാത്രമാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 76 ശതമാനം കുട്ടികളും ഇതേ കാലയളവില്‍ സോഷ്യല്‍ മീഡിയ ആക്സസ് ചെയ്യാന്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതായും റപോര്‍ട്ട് ചെയ്തിട്ടുണ്ട്.

605 ഗ്രാമീണ ജില്ലകളിലെ 17,997 ഗ്രാമങ്ങളിലെ ഏകദേശം 6.50 ലക്ഷം കുട്ടികളില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രാമീണ ഗാര്‍ഹിക സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ആക്സസ്, ഉടമസ്ഥാവകാശം, ഉപയോഗം അടിസ്ഥാന ഡിജിറ്റല്‍ കഴിവുകളുടെ വിലയിരുത്തല്‍ എന്നീ വിഭാഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


സ്മാര്‍ട്ട്ഫോണ്‍ ഉടമസ്ഥതയിലെ ഗണ്യമായ ലിംഗ വ്യത്യാസവും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന കുട്ടികളില്‍ 14 വയസ്സുള്ളവരില്‍ 27 ശതമാനവും 16 വയസ്സുള്ളവരില്‍ 37.8 ശതമാനവും സ്വന്തമായി ഫോണ്‍ ഉള്ളവരാണ്.26.9 ശതമാനം പെണ്‍കുട്ടികളെ അപേക്ഷിച്ച് 36.2 ശതമാനം ആണ്‍കുട്ടികള്‍ സ്മാര്‍ട്ട്ഫോണ്‍ കൈവശം വയ്ക്കുന്നുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ആണ്‍കുട്ടികള്‍ സൈബര്‍ സുരക്ഷയെക്കുറിച്ചും ഡിജിറ്റല്‍ കഴിവുകളെക്കുറിച്ചും പെണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള അവബോധം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളില്‍, അടിസ്ഥാന ഓണ്‍ലൈന്‍ സുരക്ഷാ നടപടികളെക്കുറിച്ചുള്ള അറിവ് വളരെ ഉയര്‍ന്നതാണ്. 62 ശതമാനം പേര്‍ക്ക് ഒരു പ്രൊഫൈല്‍ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്നും റിപോര്‍ട്ടു ചെയ്യാമെന്നും അറിയാം.55.2 ശതമാനം പേര്‍ക്ക് പ്രൊഫൈല്‍ എങ്ങനെ സ്വകാര്യമാക്കാമെന്ന് അറിയാം, 57.7 ശതമാനം പേര്‍ക്ക് പാസ്വേഡ് എങ്ങനെ മാറ്റാമെന്ന് അറിയാമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം വീടുകളില്‍ മാത്രമാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാവുന്ന ഒരു അംഗമെങ്കിലും ഉണ്ടായിരുന്നത് എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Tags: