ഹജ്ജ് ക്രമീകരണ കരാറില്‍ ഒപ്പുവച്ച് ഒമാനും സൗദിയും

Update: 2025-11-11 10:59 GMT

മസ്‌കത്ത്: ഹിജ്‌റ സീസണിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടന ക്രമീകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒമാനും സൗദി അറേബ്യയും ഒപ്പുവച്ചു. ഒമാനിലെ എന്‍ഡോവ്മെന്റ് ആന്‍ഡ് മതകാര്യ മന്ത്രാലയവും സൗദിയിലെ ഹജ്ജ്-ഉംറ മന്ത്രാലയവുമാണ് ജിദ്ദയില്‍ കരാറില്‍ ഒപ്പുവച്ചത്.

രണ്ടു രാജ്യങ്ങളുടെയും സഹോദര്യബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും, ഒമാനില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ ഏകോപിതമായി നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതാണ് കരാറിന്റെ ലക്ഷ്യം. ഒമാന്റെ എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ മാമാരി, സൗദിയിലെ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫിഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

കരാറിനുസരിച്ച്, ഒമാനില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ മസാര്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം, ഹജ്ജ് ക്യാമ്പുകള്‍ ബുക്ക് ചെയ്യല്‍, പുണ്യസ്ഥലങ്ങളില്‍ അടിസ്ഥാന സേവന പാക്കേജുകള്‍ വാങ്ങല്‍, ഗതാഗതം, താമസം, കാറ്ററിങ്, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ഗ്രൂപ്പിങ് പദ്ധതികള്‍ക്ക് അനുസൃതമായി തീര്‍ത്ഥാടകരെ വിഭാഗീകരിക്കുന്ന സംവിധാനവും അവരുടെ വരവും മടക്കവും സംബന്ധിച്ച ക്രമീകരണങ്ങളും കരാറില്‍ വിശദീകരിച്ചു.

ഹജ്ജ് തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

Tags: