നൂറ് കടന്ന് ഡീസല്‍ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ

ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല, കോര്‍പ്പറേറ്റുകള്‍ക്കും എണ്ണ കമ്പനികള്‍ക്കും വേണ്ടിയാണ് ഭരിക്കുന്നത്.

Update: 2021-10-10 11:29 GMT

തിരുവനന്തപുരം: വിലക്കയറ്റവും തൊഴിലില്ലായ്മയും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദുസ്സഹമാക്കുമ്പോഴും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ കൊവിഡ് പ്രതിസന്ധിയില്‍ ദുരിതം അനുഭവിക്കുമ്പോള്‍ അമിത നികുതി അടിച്ചേല്‍പ്പിച്ചാണ് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ധന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കും. ഇന്ധന വില വര്‍ദ്ധനവ് ജനങ്ങളോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല, കോര്‍പ്പറേറ്റുകള്‍ക്കും എണ്ണ കമ്പനികള്‍ക്കും വേണ്ടിയാണ് ഭരിക്കുന്നത്.

അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോള്‍ നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം ആരും മറന്നിട്ടില്ല. വന്‍കിട കോര്‍പറേറ്റുകള്‍ക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. വൈകിട്ട് യൂനിറ്റ് കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


Tags: