ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട്: പുനരധിവാസത്തിന്റെ മറവില്‍ നടത്തുന്നത് കോടികളുടെ വെട്ടിപ്പ്

പദ്ധതി നിര്‍വഹണത്തിന് ചുമതലയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള പങ്ക് കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടിക്കണക്കിനുന രൂപ കൈക്കലാക്കാനാണ് നീക്കം.

Update: 2020-07-06 05:49 GMT

മലപ്പുറം: ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ മറവില്‍ കോടിക്കണക്കിനു രൂപ അടിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശ്രമം. മാര്‍ക്കറ്റ് വിലയിലും വളരെ കൂടിയ വിലക്ക് സ്ഥലം വാങ്ങിയാണ് അഴിമതിക്ക് കളമൊരുക്കുന്നത്.ഏറനാട് മണ്ഡലത്തിലെ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള ചെക്കുന്ന് മലയിലും താഴെയുമായി താമസിക്കുന്ന 75 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കു വേണ്ടി മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം നല്‍കിയാണ് ഭൂമി വിലക്കെടുക്കുന്നത്. ഇടതുപക്ഷമുന്നണിയിലെ ചിലരുടെ നേതൃത്വത്തിലാണ് ഭൂമി കച്ചവടത്തിലൂടെ കോടികളുടെ അഴിമതിക്ക് ശ്രമം നടത്തുന്നത് . പദ്ധതി നിര്‍വഹണത്തിന് ചുമതലയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള പങ്ക് കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടിക്കണക്കിനുന രൂപ കൈക്കലാക്കാനാണ് നീക്കം.

ചെക്കുന്ന് മലക്ക് താഴെ ഓടക്കയം കുരീരി ഈന്തും പാലി,നെല്ലിയായി ഒടണ്ടപ്പാറ, ചെക്കുന്ന് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികളുടെ ഭൂമിയില്‍ താമസ യോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് പരിശോധിച്ച് ഉറപ്പു വരുത്തിയവര്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം ലഭിക്കുന്നതാണ് പദ്ധതി . ഇതില്‍ ആറു ലക്ഷം രൂപഭൂമി വാങ്ങാനും നാലു ലക്ഷം വീട് നിര്‍മ്മാണത്തിനുമാണ്. ഭൂമി ആദിവാസികള്‍ സ്വന്തമായി കണ്ടെത്തണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. ഇതില്‍ ഇടപെട്ടാണ് റവന്യു ഉദ്യോഗസ്ഥരുടെ അറിവോടെ രാഷ്ട്രീയ നേതാക്കള്‍ ഭൂമി സംഘടിപ്പിച്ച് നല്‍കുന്നത്. ഓടക്കയം ഭാഗത്ത് സെന്റിന് 40,000 രൂപ വില വരുന്ന 85000 രൂപക്കാണ് ആദിവാസികള്‍ക്ക് വാങ്ങി നല്‍കുന്നത്. 50000 രൂപ നല്‍കിയാല്‍ ലഭിക്കുന്ന സ്ഥലത്തിന് 110000 രൂപയാണ് ഇവര്‍ വിലയിടുന്നത്. വിലയിലെ വ്യത്യാസം ലാഭമായി ഇടനിലക്കാരായ രാഷ്ട്രീയ നേതാക്കളുടെ കൈകളിലേക്കും ഒരു പങ്ക് റവന്യു ഉദ്യോഗസ്ഥരിലേക്കുമാണ് പോകുന്നത്. ഇത്തരത്തില്‍ ഏക്കര്‍ കണക്കിനു ഭൂമി വിലപറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഓടക്കയം ഭാഗങ്ങളില്‍ ചിലയിടത്ത് വ്യാജ പട്ടയം ഉപയോഗിച്ചാണ് പലരും ഭൂമി കൈവശം വെക്കുന്നതെന്ന പരാതി നിലനില്‍ക്കെയാണ് കൂടിയ വില നല്‍കി ഇവിടെ ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തുന്നത്.


Tags:    

Similar News