മെയ് 15 മുതല്‍ എന്‍പിആര്‍ നടപടികള്‍ തുടങ്ങും: ബിഹാര്‍ ഉപമുഖ്യമന്ത്രി

ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു വ്യക്തമാക്കിയതിനു പിന്നാലെയാണ് മോദിയുടെ പരാമര്‍ശം.

Update: 2020-01-05 05:57 GMT

പട്‌ന: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരേ രാജ്യ വ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ബിഹാറില്‍ മെയ് 15ന് എന്‍പിആര്‍ (ദേശിയ ജനസംഖ്യാ പട്ടിക) നടപടികള്‍ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി.

ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു വ്യക്തമാക്കിയതിനു പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. എന്‍പിആറിന്റെ ആദ്യഘട്ട നടപടികള്‍ മെയ് 15, 28 തിയ്യതികളില്‍ നടക്കുമെന്നും സുഷില്‍ കുമാര്‍ മോദി പറഞ്ഞു. വ്യവസായ മന്ത്രിയും ജെഡിയു നേതാവുമായ ശ്യാം രാജക്, സുശില്‍ കുമാറിന്റെ പ്രസ്താവനയെ തള്ളി.

തന്നെ അത്തരം തീരുമാനങ്ങളൊന്നും അറിയിച്ചിട്ടില്ലന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും രാജക് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്താന്‍ ശരിയായ കഴിവുള്ളത് അദ്ദേഹത്തിനാണന്നും രാജക് വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് പങ്കിടല്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ ശ്രമിക്കുന്ന സഖ്യകക്ഷികളാണ് ബിജെപിയും ജെഡിയുവും. ഈ അഭിപ്രായവ്യത്യാസം ഇരുവരുടേയും ബന്ധത്തില്‍ വിള്ളള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.നിലവില്‍ സംസ്ഥാനത്ത് ജെഡിയു - ബിജെപി സഖ്യ സര്‍ക്കാരാണ് ഭരിക്കുന്നത്.

പശ്ചിമ ബംഗാള്‍, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും സിഎഎ അല്ലെങ്കില്‍ എന്‍പിആര്‍ നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ല. കാരണം നിയമനിര്‍മ്മാണം നടത്തുന്നത് കേന്ദ്രമാണന്നും അത് എതിര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും സുശീല്‍ കുമാര്‍ മോദി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബിഹാര്‍ ഒരുങ്ങിയെന്നും ഇത് സംബന്ധിച്ചുള്ള കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News