ജ്വല്ലറി കവര്‍ച്ചക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

Update: 2021-04-09 14:27 GMT

പയ്യോളി: ടൗണിലെ പ്രശാന്തി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ ഉടമ പ്രതീഷും ജീവനക്കാരന്‍ സജീവനും തിരിച്ചറിഞ്ഞു.

2020 ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിയിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണാഭരണം അടങ്ങിയ ട്രേ തട്ടിപ്പറിച്ച് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി വടകര ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ട്രേയിലുള്ള ആഭരണങ്ങള്‍ അടുക്കിവെക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമപ്രതീഷിന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തത്. ഉടമയെക്കൂടാതെ ഒരു ജീവനക്കാരന്‍ കൂടി ഈ സമയത്ത് കടയിലുണ്ടായിരുന്നു.

നേരത്തെ ജ്വല്ലറിക്കകത്തെ കാര്യങ്ങള്‍ പുറത്ത് നിന്ന് നിരീക്ഷിച്ച കവര്‍ച്ചാ സംഘം അകത്ത് കയറി ട്രേ കൈക്കാലക്കുകയായിരുന്നു. ബൈക്ക് ഓടിച്ച രണ്ടാമന്‍ എതിര്‍ദിശയില്‍ റോഡിന്റെ എതിര്‍ഭാഗത്ത് സ്റ്റാര്‍ട്ട് ചെയ്ത ബൈക്കില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതും കൃത്യ സമയത്ത് ജ്വല്ലറിക്ക് മുന്‍പിലെത്തി ട്രേ കൈക്കലാക്കിയയാളെക്കൂട്ടി അതിവേഗതയില്‍ പോവുന്നതും സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Tags:    

Similar News