'പ്രധാനമന്ത്രിയാവാന്‍ താല്‍പര്യമില്ല'; രാഹുലുമായി കൂടിക്കാഴ്ചയ്ക്കുശേഷം നിതീഷ് കുമാര്‍

Update: 2022-09-05 16:39 GMT

ന്യൂഡല്‍ഹി: 2024 തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒരൊറ്റ കുടക്കീഴില്‍ ഒന്നിപ്പിക്കാനുള്ള ശ്രമവുമായി തലസ്ഥാനത്തെത്തിയ നിതീഷ് കുമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ തുഗ്ലക് റോഡ് വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. 2024ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്.

തനിക്ക് പ്രധാനമന്ത്രിയാവാന്‍ മോഹമില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രാദേശികപാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് എന്റെ ശ്രമം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എന്നെ ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിക്കുന്നില്ല,' കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള ശ്രമം തുടങ്ങിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡല്‍ഹിയില്‍ തന്റെ സഖ്യത്തിലെ നേതാക്കളെ കാണാന്‍ ഉദ്ദേശിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ നേതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ദിവസം ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ണാടകത്തിലെ തങ്ങളുടെ സര്‍ക്കാര്‍ പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ജനതാദള്‍ സെക്യുലറിന്റെ തലവന്‍ എച്ച്ഡി കുമാരസ്വാമിയെയാണ് കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരു നേതാവ്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ഇടതുപക്ഷ നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാവും.

Tags:    

Similar News