പൗരത്വ ഭേദഗതി നിയമം: സ്‌റ്റേ ഇല്ല, കേന്ദ്രത്തിന്ന് നോട്ടീസ്

ഭേദഗതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

Update: 2019-12-18 07:04 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന്  സുപ്രിം കോടതിയുടെ നോട്ടീസ്. 59 ഹരജികള്‍ പരിഗണിച്ചശേഷമാണ്  സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. മൂന്നാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ഭേദഗതി സ്‌റ്റേ ചെയ്യണമെന്ന നിര്‍ദ്ദേശം സുപ്രിം കോടതി അംഗീകരിച്ചിട്ടില്ല. കേസ് ജനുവരി 22ന് വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഭേദഗതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജികള്‍. മതഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും സമത്വവും ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യരുതെന്ന് കോടതിയോട് അപേക്ഷിച്ചു. മറ്റു കക്ഷികളുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു.

 നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നിയമം നടപ്പാക്കാനാകില്ല. ഈ സാഹചര്യത്തില്‍ സ്‌റ്റേയില്‍ കാര്യമില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു. അസമില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ തന്റെ സംസ്ഥാനം കത്തുന്നതായും നിയമം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇന്ന് വാദങ്ങള്‍ കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ പറഞ്ഞു. 


Tags:    

Similar News