പ്രധാനമന്ത്രിയെയെന്നല്ല ആരെയും ഭയമില്ല: കര്‍ഷക സമരത്തോട് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി

Update: 2021-01-19 14:06 GMT

ന്യൂഡല്‍ഹി: 'കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം' വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് പ്രധാനമന്ത്രിയെയല്ല, ആരെയും ഭയമില്ലെന്ന് രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നയത്തിനെതിരേ രംഗത്തുവന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രാഹുല്‍ തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരെ കുത്തകകളുടെ കയ്യിലേല്‍പ്പിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

''പുതിയ നിയമം കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്. ഞാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും സമരത്തെ പിന്തുണയ്ക്കണം, കാരണം അവര്‍ നമുക്കുവേണ്ടിയാണ് പോരാടുന്നത്''- രാഹുല്‍ പറഞ്ഞു. കാര്‍ഷിക നിമയത്തെ വിശദീകരിക്കുന്ന ഒരു ലഘുലേഖ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കുകയല്ലാതെ മറ്റൊരു പരാഹവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈന, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ബിജെപി മേധാവി ജെ പി നദ്ദയ്‌ക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചു.

''കര്‍ഷകര്‍ക്ക് യാഥാര്‍ത്ഥ്യമറിയാം. എല്ലാ കര്‍ഷകര്‍ക്കും രാഹുല്‍ ആരാണെന്നറിയാം. നദ്ദജി ഭട്ട പ്രസൂലിലുണ്ടായിരുന്നില്ല. എനിക്ക് വ്യക്തിത്വമുണ്ട്. നരേന്ദ്ര മോദിയെയോ മറ്റാരെയോ ഞാന്‍ ഭയക്കുന്നില്ല. ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല, ഉന്നംവയ്ക്കാനാവില്ല. ഞാന്‍ ദേശാഭിമാനിയാണ്. രാജ്യത്തെ പ്രതിരോധിക്കും- രാഹുല്‍ പറഞ്ഞു. 2011 മെയില്‍ ഉത്തര്‍പ്രദേശിലെ ഭട്ട പ്രസൂലില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്ന ബലാല്‍സംഗത്തെയും സംഘര്‍ഷത്തെയും കുറിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. 

Tags:    

Similar News