സിപിഎമ്മില്‍ ലയിക്കാനില്ല: സി കെ ജാനു

Update: 2019-02-26 12:13 GMT

കോഴിക്കോട്: ഇടതുമുന്നണി പ്രവേശനത്തിനായി സിപിഎമ്മില്‍ ലയിക്കണമെന്ന ചില കേന്ദ്രങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു. ബിജെപിയുടെ ആദിവാസി പിന്നാക്ക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ടത് ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കാനല്ലെന്നും അവര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ഇടതു മുന്നണി പ്രവേശനം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടയില്‍ സിപിഎമ്മിലോ സിപിഐയിലോ ലയിക്കണമെന്ന അഭിപ്രായം ചിലര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അത് അംഗീകരിക്കാനാകില്ല. ഇടതു മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്നാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യം. ഇടതു മുന്നണി നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗോത്ര മഹാ സഭ സമുദായ സംഘടനയാണ്. അതില്‍ എല്ലാ പാര്‍ട്ടികളില്‍ പെട്ടവരുമുണ്ട്. ഗീതാനന്ദന്‍ ഇപ്പോള്‍ നേതൃത്വത്തിലില്ലെങ്കിലും അദ്ദേഹം ഗോത്ര മഹാ സഭയുടെ പേര് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്ന് കുടിയിറക്കണമെന്ന സുപ്രിം കോടതി ഉത്തരവ് മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജാനു ആരോപിച്ചു. രാജ്യത്തിന്റെ ഭൂപടത്തില്‍ നിന്നും ആദിവാസികളെ തുടച്ചു നീക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അവര്‍ പറഞ്ഞു.

പിസി അബ്ദുല്ല






Tags:    

Similar News