പ്രതിഷേധങ്ങള്‍ ഫലം കണ്ടുതുടങ്ങി; പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

പൗരത്വ ഭേദഗതി നിയത്തിന്റെ ചട്ടങ്ങള്‍ ഇതുവരെയും രൂപപ്പെടുത്തിയിട്ടില്ല. അതിന് ഇനിയും സമയം ആവശ്യമാണ്. നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി.

Update: 2019-12-20 03:56 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരേ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അയയുന്നതിന്റെ സൂചനകള്‍ വന്നുതുടങ്ങി. പെട്ടെന്ന് പൗരത്വപട്ടിക തയ്യാറാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഢി പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ടതിന്റെ സമയപരിധി ഇനിയും നിശ്ചയിച്ചിട്ടില്ല. അക്രമങ്ങളില്‍ ഇടപെടാത്ത ആരുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ് മന്ത്രി പറഞ്ഞു. രാജ്യത്തുണ്ടാകുന്ന അക്രമങ്ങള്‍ അഴിച്ചുവിടുന്നത് പ്രതിപക്ഷപാര്‍ട്ടികളാണെന്ന് റഡ്ഢി ആരോപിച്ചു.അമിത് ഷായുടെ ഏറ്റവും അടുത്ത ആളായി അറിയപ്പെടുന്ന ആളാണ് റഡ്ഢി.

എപ്പോഴാണ് ഈ നിയമം കൊണ്ടുവരേണ്ടതെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. അതിന്റെ കരട് കാബിനറ്റില്‍ വരികയോ ചര്‍ച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ നിയമപരമയ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുകയും വേണം- മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ മന്ത്രി ന്യായീകരിച്ചു. ഉറുദു ഹിന്ദി പത്രങ്ങളിലെ പരസ്യങ്ങള്‍ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളെ ഇല്ലാതാക്കാനുള്ളതാണെന്നും മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയത്തിന്റെ ചട്ടങ്ങള്‍ ഇതുവരെയും രൂപപ്പെടുത്തിയിട്ടില്ല. അതിന് ഇനിയും സമയം ആവശ്യമാണ്. നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി.

വിവാദമായ പൗരത്വ നിയമം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപീഡനം കൊണ്ട് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്ക് പൗരത്വ വാഗ്ദാനം ചെയ്യുന്നു. ലോക്‌സഭ പാസ്സാക്കിയ ബില്ല് ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയും പാസ്സാക്കി. തൊട്ടടുത്ത ദിവസം രാഷ്ട്രപതി ഒപ്പിട്ട് നിയമമാവുകയും ചെയ്തു.




Tags:    

Similar News