ലോക്ക് ഡൗണ്‍ ഭയം വേണ്ട; ഇതര സംസ്ഥാനക്കാര്‍ ഡല്‍ഹി വിട്ടുപോകേണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍

Update: 2021-04-19 08:52 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഭയത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഡല്‍ഹി വിട്ട് സ്വന്തം നാട്ടിലേക്ക തിരിച്ചുപോകേണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

''കൈകൂപ്പി നിങ്ങളോട് ഞാന്‍ പറയുന്നു, നിങ്ങളാരും ഡല്‍ഹി വിടേണ്ടകാര്യമില്ല. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ചെറിയൊരു ലോക്ക് ഡൗണ്‍ മാത്രമാണ് ഇത്. ഈ സമയത്ത് നിങ്ങള്‍ ഡല്‍ഹി വിട്ടുപോകുന്നത് നിങ്ങള്‍ക്ക് നഷ്ടമാണ്. സര്‍ക്കാര്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ഞാനിവിടെയുണ്ട്. വിശ്വസിക്കൂ''- കെജ്രിവാള്‍ പറഞ്ഞു.

''ലോക്ക് ഡൗണ്‍ കാലം ജനങ്ങള്‍ക്ക് നഷ്ടമാണെന്ന് എനിക്കറിയാം. കച്ചവടസ്ഥാപനങ്ങള്‍, തൊഴില്‍ എല്ലാ നഷ്ടപ്പെടും. മറ്റ് സാധ്യതകളില്ലാതായതുകൊണ്ടാണ് ആറ് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്ക് ലോക്ക് ഡൗണ്‍ കാലം വലിയ ബുദ്ധിമുട്ടുണ്ടാക്കും, പ്രത്യേകിച്ച് ദിവസക്കൂലിക്കാര്‍ക്ക്''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യത്തെ ലോക്ക് ഡൗണിനു താന്‍ എതിരായിരുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. ആറ് ദിവസമാണ് നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്. ആ സമയത്തിനുള്ളില്‍ ആശുപത്രികളില്‍ സജ്ജീകകരണമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫിസുകളും അവശ്യസേവനങ്ങളും മാത്രമായിരിക്കും ഇക്കാലയളവില്‍ അനുവദിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം. എല്ലാ സ്വകാര്യ ഓഫിസുകളുടെയും പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാവണം.

Tags:    

Similar News