നിലമ്പൂരിന്റെ വികസന സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നാണിയാക്ക യാത്രയായി

.നഗരസഭ അംഗങ്ങള്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് അദ്ദേഹം പല വിഷയങ്ങളിലും നിരന്തരം നിവേദനങ്ങള്‍ നല്‍കി.

Update: 2020-09-11 08:51 GMT

നിലമ്പൂര്‍: നിലമ്പൂരിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ഒറ്റയാള്‍ പോരാളി യാത്രയായി. വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വാദിച്ചും അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ടും പൊതുരംഗത്ത് സജീവമായിരുന്ന പി പി മുഹമ്മദലി എന്ന നാണിയാക്ക ഹൃദാഘാതം കാരണം വെള്ളിയാഴ്ച്ചയാണ് മരണപ്പെട്ടത്. നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ക്ലര്‍ക്ക് ആയിരുന്ന അദ്ദേഹം നിലമ്പൂര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിലെ സജീവ പ്രവര്‍ത്തകനും നല്ലൊരു വായനക്കാരനുമായിരുന്നു.നഗരസഭ അംഗങ്ങള്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് അദ്ദേഹം പല വിഷയങ്ങളിലും നിരന്തരം നിവേദനങ്ങള്‍ നല്‍കി.

നിലമ്പൂരിന്റെ ചിരകാല സ്വപ്നമായ ഗവണ്മെന്റ് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത് ഇദ്ദേഹമായിരുന്നു. നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ പോസ്റ്റ് ഓഫീസ് വരെ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും സ്ഥലം അനുവദിക്കുന്നതിനു വേണ്ടി നാണിയാക്ക നടത്തിയ ഇടപെടലുകള്‍ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും വനം വകുപ്പിന്റെ അനാസ്ഥ മൂലം നടപടിക്രമങ്ങള്‍ വൈകി. ഇതിനെതിരെ കേരള ഹൈകോടതിയില്‍ അദ്ദേഹം റിട്ട് ഹര്‍ജി നല്‍കി. തുടര്‍ന്ന് മഞ്ചേരി ലീഗല്‍ എയ്ഡ് സൊസൈറ്റിയുടെ സഹായത്താല്‍ അദ്ദേഹം അനുകൂല വിധിയും നേടിയെടുത്തു.

നിലമ്പൂരില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിക്ക് സ്വന്തമായൊരു കെട്ടിടം നിര്‍മിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥലം അനുവദിച്ചതിനു പിന്നിലും നാണിയാക്കയുടെ ഇടപെടലുകളുണ്ട്. ചന്തക്കുന്ന് സ്‌കൂള്‍, ചെട്ടിയങ്ങാടി ജിയുപി സ്‌കൂള്‍ എന്നിവയുടെ മുന്നിലുള്ള തിരക്കേറിയ റോഡിനു കുറുകെ വിദ്യാര്‍ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍്ക്കും റോഡ് മുറിച്ചുകടക്കാന്‍ ഓവര്‍ ബ്രിഡ്ജ് വേണമെന്നും,

നിലമ്പൂരിലെ പഴയ മുനിസിപ്പാലിറ്റി കെട്ടിടം ഉപയോഗപ്പെടുത്തി ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങണമെന്നും അദ്ദേഹം അധികൃതരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലമ്പൂരില്‍ റെയില്‍വെ മേല്‍പാലത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം വകയിരുത്തുന്നതിനും അദ്ദേഹം ഇടപെട്ടു. ഇതു സംബന്ധിച്ച് നല്‍കിയ നിവേദനത്തിനു മറുപടിയായി റെയില്‍വെ ചീഫ് എഞ്ചിനിയറുടെ മറുപടി കത്തും അദ്ദേഹത്തിന് ലഭിച്ചിരുന്നു. നിലമ്പൂര്‍ വീട്ടികുത്ത് റോഡില്‍ പൊതുവിതരണ കേന്ദ്രം, നിലമ്പൂര്‍ മുക്കട്ടയില്‍ ഹോമിയോപ്പതി ഡിസിപെന്‍സറി എന്നിവ അനുവദിച്ചതും നാണിയാക്കയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷ നല്‍കുന്നവരെ സഹായിക്കാനും നാണിയാക്ക എപ്പോഴുമുണ്ടായിരുന്നു. 

Tags:    

Similar News