പിടഞ്ഞുപിടഞ്ഞ് മരിച്ചു'; നൈട്രജന്‍ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?

നൈട്രജന്‍ ഗ്യാസ് വധശിക്ഷയുടെ ഭാവിയെ കുറിച്ച് ഇനി അറിയാനിരിക്കുന്നതേയുള്ളൂ. ഇതിനിടയില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ എങ്ങനെയാണ് നൈട്രജന്‍ ഗ്യാസ് വധശിക്ഷ എന്ന സംശയം പങ്കിടുന്നവര്‍ക്കായി അത് കൂടി വിശദമാക്കുന്നു.

Update: 2024-01-27 12:16 GMT

എങ്ങനെയാണ് നൈട്രജന്‍ ഗ്യാസ് മനുഷ്യനെ കൊല്ലുന്നത്? എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം?... ലോകത്ത് തന്നെ ആദ്യമായി നൈട്രജന്‍ ഗ്യാസ് ശ്വസിപ്പിച്ച് ഒരു കുറ്റവാളിക്ക് വധശിക്ഷ നല്‍കിയ സാഹചര്യത്തില്‍ ഏവരും ചോദിക്കുന്ന ചോദ്യങ്ങളാണിത്. സംഘടനകളായും വ്യക്തികളായും പല പ്രതിഷേധങ്ങളും ഇപ്പോഴും നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്‌ക്കെതിരെ നടക്കുകയാണ്. എന്തുകൊണ്ടാണ് ഇതില്‍ ഇത്ര പ്രതിഷേധിക്കാന്‍ എന്ന് ചിന്തിക്കുന്നവരും കാണും. പൊതുവില്‍ വധശിക്ഷയ്ക്ക് എതിരെ സംസാരിക്കുന്നവരല്ല, നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നവരെ കുറിച്ചാണ് പറയുന്നത്.

    ഇത് വളരെ വേദനാജനകവും ഏറെ പീഡിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്ന രീതിയുമാണെന്നാണ് ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ വാസ്തവത്തില്‍ നൈട്രജന്‍ ഗ്യാസ് അത്രയും പ്രശ്‌നമല്ലെന്ന് വാദിക്കുന്നവരാണ് മറുവിഭാഗത്തുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ശ്വസിപ്പിച്ച് ഒരു കുറ്റവാളിയെ കൊന്നിരിക്കുന്നത്.

    അലബാമയിലാണ് പ്രമാദമായ ഒരു കൊലപാതകക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന അമ്പത്തിയെട്ടുകാരനായ കെന്നെത്ത് സ്മിത്ത് എന്ന കുറ്റവാളിയെ ആണ് ഇങ്ങനെയൊരു പരീക്ഷണത്തിന് സ്റ്റേറ്റ് തെരഞ്ഞെടുത്തത്. വളരെ പെട്ടെന്ന് ജീവന്‍ പോകും, സെക്കന്‍ഡുകള്‍ക്കകം തന്നെ ബോധം നഷ്ടപ്പെടും- അതിന് ശേഷം പെട്ടെന്ന് മരണവും എന്നെല്ലാം പറഞ്ഞ് കുറ്റവാളിയെ നൈട്രജന്‍ ശ്വസിപ്പിക്കാന്‍ തുടങ്ങി മിനുറ്റുകളോളം നീണ്ട കഷ്ടപ്പാടിനൊടുവിലാണ് മരണം സംഭവിച്ചത്. ഇതെക്കുറിച്ച് ദൃക്‌സാക്ഷിയായ പുരോഹിതന്‍ അടക്കമുളളവര്‍ തുറന്നുപറഞ്ഞിരുന്നു. പിടഞ്ഞുപിടഞ്ഞ് ഒരുപാട് ദുരിതം അനുഭവിച്ച ശേഷമാണ് സ്മിത്ത് മരണമടഞ്ഞത്, ആ കാഴ്ച ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല എന്നായിരുന്നു റവറന്‍ഡ് ജെഫ് ഹൂഡ് പറഞ്ഞത്.

''പേടിപ്പെടുത്തുന്ന ഒരു സിനിമാസീന്‍ ആണ് അത് എന്ന് തോന്നി. ഒരിക്കലും ആ രംഗം എന്റെ ഓര്‍മ്മ വിട്ടുപോകുമെന്ന് തോന്നുന്നില്ല. ഇത് കണ്ട് നില്‍ക്കേണ്ടിവന്നവരുടെ മുഖമെല്ലാം ഷോക്കടിച്ചത് പോലെയായിരുന്നു. എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ പേടിച്ചുപോയി എല്ലാവരും. സ്മിത്ത് ശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയര്‍ന്നിരുന്നു...''- റവറന്‍ഡ് ജെഫ് ഹൂഡ് പറയുന്നു.

വധശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് മുമ്പായി തന്നെ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ വധശിക്ഷയ്ക്ക് ശേഷം ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വരുമ്പോള്‍ പ്രതിഷേധം വീണ്ടും കനക്കുകയാണ്. വധശിക്ഷ തന്നെ പ്രാകൃതമാണ്, ഇന്ന് അംഗീകരിക്കാവുന്നതല്ലെന്നും അപ്പോഴാണ് ഇത്രയും ഹീനമായ വധശിക്ഷയെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.

എന്തായാലും നൈട്രജന്‍ ഗ്യാസ് വധശിക്ഷയുടെ ഭാവിയെ കുറിച്ച് ഇനി അറിയാനിരിക്കുന്നതേയുള്ളൂ. എങ്ങനെയാണ് നൈട്രജന്‍ ഗ്യാസ് വധശിക്ഷ എന്ന സംശയം പങ്കിടുന്നവര്‍ക്കായി അത് കൂടി വിശദമാക്കുന്നു.

സാധാരണഗതിയില്‍ ഓക്‌സിജന്‍ ആണല്ലോ ശ്വസിക്കുന്നത്. ഇതിന് പകരം മാസ്‌ക് വയ്പിച്ച് നൈട്രജന്‍ ഗ്യാസ് ശ്വസിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. നൈട്രജന്‍ ഗ്യാസ് വലിയ അളവില്‍ ശ്വസിക്കുമ്പോള്‍ ശരീരത്തില്‍ ഓക്‌സിജന് പകരം നൈട്രജന്‍ ആകുന്നു. അങ്ങനെയാണ് മരണം സംഭവിക്കുന്നത്.തീര്‍ച്ചയായും ഇത് ശ്വാസകോശത്തെ തന്നെയാണ് ബാധിക്കുന്നത്. എന്നാല്‍ നൈട്രജന്‍ ഗ്യാസ് ശ്വസിച്ച് മരിക്കുന്നതില്‍ തന്നെ ചിലര്‍ക്ക് ആദ്യമേ ബോധം നഷ്ടപ്പെടും. ഇതിനാലാണ് നൈട്രജന്‍ ഗ്യാസ് വധശിക്ഷ മനുഷ്യത്വപരമാണെന്ന് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ സ്മിത്തിന്റെ കാര്യത്തില്‍ ഈ വാദം തെറ്റാണെന്ന് വെളിവായി. കാരണം 22 മിനുറ്റോളം എടുത്താണ് സ്മിത്ത് മരിച്ചത്. ഏറെ നേരം സ്മിത്ത് ബോധം നഷ്ടപ്പെടാതെ ശ്വാസം മുട്ടല്‍ അനുഭവിച്ചു. ഓക്‌സിജന്‍ നില കുറയുമ്പോള്‍ ശരീരം കോച്ചിപ്പിടിക്കുന്നത് പോലെ കാണിക്കും. ഇത് ശ്വാസം മുട്ടുന്നതിനാല്‍ സംഭവിക്കുന്നതാണ്. ചിലര്‍ ഇതിന് പിന്നാലെ ഛര്‍ദ്ദിക്കാം. ശ്വാസം മുട്ടിയോ അല്ലെങ്കില്‍ ഛര്‍ദ്ദിക്കുന്നതിനിടെ ശ്വാസകോശത്തിലേക്ക് അതിന്റെ അവശിഷ്ടങ്ങള്‍ കടന്നോ എല്ലാം മരണം സംഭവിക്കാം. എന്തായാലും അടിസ്ഥാനപരമായി ശ്വസനപ്രക്രിയയില്‍ തന്നെയാണ് പ്രശ്‌നം വരുന്നത്. അങ്ങനെയാണ് മരണവും സംഭവിക്കുന്നത്.

ഇനി, ഉയര്‍ന്ന അളവില്‍ നൈട്രജന്‍ ഗ്യാസ് ശ്വസിച്ചിട്ടും മരണം സംഭവിച്ചില്ല എന്ന് കരുതുക. ഗുരുതരമായ പരുക്ക് തലച്ചോറിലോ മറ്റോ ഉണ്ടാകാനാണ് സാധ്യത. നൈട്രജന്‍ ഗ്യാസ് വധശിക്ഷയ്ക്ക് മുമ്പ് അമേരിക്കയില്‍ മരുന്നുകള്‍ കുത്തിവച്ചുള്ള വധശിക്ഷയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ സ്മിത്തിനെ നേരത്തെ ഇങ്ങനെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആ ശ്രമം പരാജയപ്പെട്ടിരുന്നു.  

Tags:    

Similar News