നിപ: ജാഗ്രത തുടരണം; ഭയക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

Update: 2021-09-08 14:30 GMT

കോഴിക്കോട്: പുറത്തു വന്ന നിപ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായ സാഹചര്യത്തില്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രത തുരണമെന്നും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. പൂനെ വൈറോളജി ലാബിലേക്കയച്ച അഞ്ചു സാംപിളുകളും കോഴിക്കോട് മെഡിക്കല്‍ കോളേജ് നിപ വൈറസ് ലാബില്‍ പരിശോധനക്കെടുത്ത 31 സാംപിളുകളുമടക്കം പരിശോധനക്കെടുത്ത 46 സാംപിളുകളുടെയും ഫലം നെഗറ്റീവാണെന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 62 പേരാണ് ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുന്നത്. സമ്പര്‍ക്ക പട്ടികയില്‍ 265 പേരുണ്ട്. മറ്റു ജില്ലകളിലെ 47 പേരും ഇതില്‍ ഉള്‍പ്പെടും. 12 പേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ എല്ലാ മാനദണ്ഡങ്ങളോടുംകൂടെ ക്വാറന്റീന്‍ പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഫലം നെഗറ്റീവായവര്‍ മൂന്നു ദിവസം കൂടി നിര്‍ബന്ധമായും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്വാറന്റീനില്‍ തുടരണം. വീട്ടില്‍ ഐസൊലേഷന്‍ സൗകര്യം ഉണ്ടെങ്കില്‍ മൂന്നു ദിവസങ്ങള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങാം.

പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ പ്രദേശത്തെ 4,995 വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി. 27,536 ആളുകളെ നേരില്‍ കണ്ടു. 44 പേര്‍ക്ക് നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. മാവൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ഗൃഹസന്ദര്‍ശനത്തിനിടെ പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നിപ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

പനിയോ പനിയുടെ ലക്ഷണങ്ങളോ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമില്ലാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോരുത്തരും അവരവരുടെ തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമുള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. നിപ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റ് ലഭിക്കുന്നുവെന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പു വരുത്തണം. ഐസൊലേഷനില്‍ കഴിയുന്ന 265 പേരില്‍ ഓരോരുത്തര്‍ക്കും ഓരോ വളണ്ടിയര്‍ എന്ന രീതിയില്‍ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ചാത്തമംഗലം പ്രദേശത്ത് നിയന്ത്രണം തുടരുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മരങ്ങളില്‍നിന്ന് കൊഴിഞ്ഞുവീഴുന്ന പഴങ്ങള്‍ കഴിക്കരുതെന്നും വാങ്ങിക്കുന്ന പഴങ്ങള്‍ വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധസംഘത്തിന്റെ തലവന്‍ ജില്ലയിലെത്തിയതായി മന്ത്രി അറിയിച്ചു. ടീമംഗങ്ങള്‍ അടുത്ത ദിവസം ജില്ലയില്‍ എത്തിച്ചേരുകയും സാംപിളുകള്‍ ശാസ്ത്രീയമായി പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രിയുടേയും വനം വന്യജീവി വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടന്നു. ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാര്‍, ഗവ.വെറ്ററിനറി ഡോക്ടര്‍മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി.

Tags:    

Similar News