ജാര്‍ഖണ്ഡില്‍ 9 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Update: 2024-05-15 05:23 GMT

ലത്തേഹാര്‍: ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയില്‍ ഒമ്പത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതിന് അധ്യാപകനെ അറസ്റ്റ് ചെയ്തു. 20 കാരനായ യുവ അധ്യാപകനെയാണ് മഹുവാണ്ട് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടില്‍ പെണ്‍കുട്ടിക്ക് സ്വകാര്യ ട്യൂഷന്‍ നല്‍കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതായും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ഹിമാന്‍ഷു ചന്ദ്ര മാഞ്ചി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനാല്‍ അവളുടെ വീട്ടുകാരും അയല്‍ക്കാരും തിരച്ചില്‍ നടത്തിയപ്പോൾ അര്‍ധരാത്രിയോടെ പ്രതിയുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടി സംഭവിച്ചത് വീട്ടുകാരോട് പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകനെ പിടികൂടി ചൊവ്വാഴ്ച പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും മാഞ്ചി പറഞ്ഞു.

Tags: