നിധിന്‍ രാജിന്റെ മരണം: അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു

Update: 2026-04-17 07:30 GMT

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണത്തില്‍ പങ്കുള്ള മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.

മാര്‍ച്ച് പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ചു. കോടതി, മഹാത്മ മന്ദിരം ജങ്ഷന്‍, സ്‌റ്റേഡിയം കോപ്ലക്‌സ്, പോലിസ് പരേഡ് ഗ്രൗഡ് വഴി കമ്മീഷണര്‍ ഓഫീസ് പരിസരത്തെത്തിയ മാര്‍ച്ചിനെ പോലിസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി സി ഷഫീഖ്, റഹീം പൊയ്ത്തും കടവ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.

എസ്ഡിപിഐ സംസ്ഥാന സമിതിയംഗം എ സി ജലാലുദ്ദീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജാതി വെറിയന്‍മാരായ അധ്യാപകരെയും അതിന് ഒത്താശ ചെയ്ത അധികൃതര്‍ക്കെതിരേയും അതിശക്തമായ നടപടിയെടുക്കാത്ത പക്ഷം പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ പി സി ശഫീഖ്, പിടിവി ഷംസീര്‍, കെ വി റജീന ടീച്ചര്‍, ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു, എ ഫൈസല്‍, സജീര്‍ കീച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.



Tags: