ഇങ്ങക്കൊരു ബിരിയാണി, ഞമ്മക്കൊരു കൈത്താങ്ങ്'; തിരൂരില്‍ കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ച്

40000ത്തോളം ബിരിയാണിപ്പൊതികള്‍ തയ്യാറാക്കാനുള്ള എല്ലാ വസ്തുക്കളും സൗജന്യമായിട്ടാണ് ശേഖരിച്ചത്.

Update: 2021-04-11 10:02 GMT
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി തിരൂരിലെ താഴെപ്പാലത്ത് ശനിയാഴ്ച്ച തയ്യാറാക്കി വിതരണം ചെയ്തത് 40000ത്തോളം ബിരിയാണിപ്പൊതികള്‍. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസഘടനയായ കിന്‍ഷിപ്പിന്റെ ധനശേഖരണാര്‍ഥമാണ് ബിരിയാണി ചലഞ്ച് നടത്തിയത്. 'ഇങ്ങക്കൊരു ബിരിയാണി ഞമ്മക്ക് അതൊരു കൈത്താങ്ങ്' എന്നായിരുന്നു പരിപാടിയുടെ പേര്. തിരൂരില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഷിപ്പ് വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ നടത്തിയ പരിപാടി ജനങ്ങള്‍ ഒന്നാകെ സഹകരിച്ചപ്പോള്‍ വന്‍ വിജയമായി. നൂറുരൂപ നല്‍കി ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു പാക്കറ്റ് ബിരിയാണി നല്‍കുന്നതായിരുന്നു ഇങ്ങക്കൊരു ബിരിയാണി, ഞമ്മക്കൊരു കൈത്താങ്ങ്' പരിപാടി.


40000ത്തോളം ബിരിയാണിപ്പൊതികള്‍ തയ്യാറാക്കാനുള്ള എല്ലാ വസ്തുക്കളും സൗജന്യമായിട്ടാണ് ശേഖരിച്ചത്. 600 പേരടങ്ങിയ സ്‌നേഹതീരം വോളന്റിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ 50 സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകരുള്‍പ്പെടെ 1000 പേര്‍ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കി. 218 ബിരിയാണി ചെമ്പുകളില്‍ 300 പാചകക്കാരാണ് ബിരിയാണി വെച്ചുണ്ടാക്കിയത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പാചകം സൗജന്യമായി ഏറ്റെടുത്തു. ഒട്ടേറെ പേര്‍ ഭക്ഷ്യസാധനങ്ങളും പണവും സംഭാവനയായി നല്‍കി. 50 ക്വിന്റല്‍ അരിയും 4000 കോഴികളേയും ഇതിനായി ഉപയോഗിച്ചു. പോലീസും നഗരസഭയും മറ്റ് വകുപ്പുകളും പരിപാടിയോട് സഹകരിച്ചു. പന്തലും മറ്റ് സഹായങ്ങളും കവിതാ ലൈറ്റ് ആന്‍ഡ് സൗണ്ടും യു.എ.ലൈറ്റ് ആന്‍ഡ് സൗണ്ടും സൗജന്യമായി നല്‍കി.


ശനിയാഴ്ച കാലത്തുമുതല്‍ വൈകീട്ടുവരെവരെ 13 ഗ്രാമപ്പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 40000ത്തോളം ബിരിയാണിപ്പൊതികള്‍ വിതരണംചെയ്തു. 60 വാഹനങ്ങളിലായാണ് കണ്ടെയ്‌നറുകളില്‍ നിറച്ച് ബിരിയാണി വൊളന്റിയര്‍മാര്‍ വിതരണം ചെയ്തത്.




Tags:    

Similar News