ഒന്നാംക്ലാസ് വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ പലേര പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയോടാണ് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയത്. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പലേര പോലിസ് സ്‌റ്റേഷനിലെത്തി പ്രതിക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി.
പരാതി ലഭിച്ചതിന് പിന്നാലെ പോലിസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമവും ഭാരതീയ ന്യായസംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡില്‍ വിട്ടതായി ടിക്കംഗഢ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് വിക്രം സിങ് അറിയിച്ചു.