ഇന്ധന വില കുറച്ച നടപടി: ഉപ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് ദീപാവലി സമ്മാനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്സ്

Update: 2021-11-03 19:04 GMT

തിരുവനന്തപുരം: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ ഇന്ധനവില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് എഐസിസി. ലോക്‌സഭ നിയമസഭ ഉപ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് ദീപാവലി സമ്മാനത്തിന് പിന്നിലെന്നും തട്ടിപ്പ് വേണ്ടെന്നും എഐസിസി തുറന്നടിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ എക്‌സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കു വെച്ചാണ് വിമര്‍ശനം.

രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ചെറു സമരങ്ങള്‍ ഫലം കണ്ടെന്നും അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് തമ്പുരാന്‍ വന്നാലും അതിന് വഴങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. ഇന്ധനവിലയില്‍ ജനത്തിന് താല്‍ക്കാലിക ആശ്വാസമായി. കോണ്‍ഗ്രസിന്റെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ മുതല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം തെരുവിലുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അപ്പോഴും 2014ല്‍ യു. പി. എ. സര്‍ക്കാര്‍ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ് ശതമാനമെങ്കിലും ഇപ്പോഴും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവം. സര്‍ക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നല്‍കുന്നവര്‍ അത് മറന്നു പോവരുത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടിയും ഉയര്‍ന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മര്‍ദ്ദവും ആണ് സര്‍ക്കാരിനെ ഇപ്പോള്‍ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

Similar News