40 ദിവസമായിട്ടും ടിപ്പര്‍ ലോറി വിട്ടുകൊടുത്തില്ല; വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും
തിരുവനന്തപുരം: ദേശീയപാതയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് കൊണ്ട് പോകുന്നതിനിടെ പിടികൂടിയ ടിപ്പര്‍ ലോറി വിട്ടുകിട്ടാത്തതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് കഠിനംകുളം വില്ലേജ് ഓഫിസര്‍ മേരി സുജയുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. 40 ദിവസം മുമ്പ് പിടിയിലായ ടിപ്പര്‍ ലോറി വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് ഷൈജും പ്രതിഷേധവുമായി വില്ലേജ് ഓഫിസറുടെ വീട്ടിലെത്തിയത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഭാര്യയുമായി പുത്തന്‍ത്തോപ്പിലെ വില്ലേജ് ഓഫിസറുടെ വീട്ടിലെത്തിയ ഷൈജു പ്രതിഷേധം അറിയിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുയെന്നും പറഞ്ഞു.
വില്ലേജ് ഓഫിസര്‍ ഉടന്‍ തന്നെ വിവരം കഠിനംകുളം പോലിസിനെ അറിയിച്ചും കഠിനംകുളം സിഐ അന്‍സാരിയും സംഘവും സംഭവസ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. ദേശീയപാതയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ട് പോകുന്നതിനിടെയാണ് ജൂണ്‍ 22ന് ഷൈജുവിന്റെ ടിപ്പര്‍ ലോറി കഠിനംകുളം വില്ലേജ് ഓഫിസറുടെ നിര്‍ദേശപ്രകാരം പോലിസ് പിടികൂടിയത്. മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കുവാന്‍ വില്ലേജ് ഓഫിസര്‍ തയ്യാറായില്ലെന്നാണ് ഷൈജു പറയുന്നത്.
വാഹനം വിട്ടുകിട്ടാന്‍ പല ആവര്‍ത്തി വില്ലേജ് ഓഫീസറെയും പോലിസിനെയും ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഷൈജു കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്‍കിയെന്നും 45 ദിവസമായി തന്റെ വരുമാന മാര്‍ഗമായ ടിപ്പര്‍ ലോറി സ്‌റ്റേഷനില്‍ കിടന്ന് നശിക്കുന്നുവെന്നും ജീവിക്കാന്‍ മറ്റു വഴികളില്ലെന്നും ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ലെന്നുമാണ് ഷൈജു പറയുന്നത്.
കോടതിയുടെ പരിഗണനയില്‍ ഉള്ള കേസായതിനാല്‍ തീരുമാനമെടുക്കാന്‍ പോലിസിന് സാധിക്കില്ല എന്നും ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ ആലോചിക്കാം എന്ന് സി.ഐ അന്‍സാരി ഷൈജുവിനെ പറഞ്ഞു അനുനയിപ്പിച്ച ശേഷമാണ് ഷൈജുവും ഭാര്യയും മടങ്ങി പോയത്.
