എഴുപത്തിയൊന്നാം വയസ്സിലും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി കെ കെ ബാലന്‍

Update: 2021-07-31 15:32 GMT

കോഴിക്കോട്: പ്രായത്തെ തോല്‍പ്പിച്ചു പഠനം പൂര്‍ത്തിയാക്കി മുഴുവന്‍ പരീക്ഷയും എഴുതിയ ആത്മവിശ്വാസത്തിലാണ് 71 വയസ്സുള്ള തിരുവങ്ങായൂര്‍ സ്വദേശി കെ കെ ബാലന്‍.

കൊയിലാണ്ടി ഹയര്‍ സെക്കന്ററി സ്‌കൂളിന് കീഴിലെ തുല്യതാ പഠന ക്ലാസിലെ വിദ്യാര്‍ത്ഥിയായ കെ കെ ബാലന്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥി കൂടിയാണ്. ഹ്യൂമാനിറ്റീസ് വിഭാഗം ഒന്നാം വര്‍ഷം പഠിതാവാണ്.

എക്‌സൈസ് വകുപ്പില്‍ നിന്നും 31 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ബാലന് പിന്നീടാണ് സാക്ഷരതാ മിഷന്റെ തന്നെ തുല്യതാ കോഴ്‌സിലൂടെ 10ാം തരം പാസ്സായത്. 2019ല്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ മികച്ച മാര്‍ക്കോടെയാണ് പാസായത്. അരിക്കുളം പഞ്ചായത്ത് ജനപ്രതിനിധിയും ആയിരുന്നു. സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ ദീപ. എം, സിന്ധു സുരേഷ് എന്നിവരാണ് പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജില്ലയില്‍ പൂര്‍ത്തിയായി.

Similar News